ഹോർട്ടികോർപ്പ് റംബുട്ടാൻ സംഭരിക്കുന്നു
മൂവാറ്രുപുഴ: കർഷകരെ സഹായിക്കാൻ ഇന്ന് മുതൽ റംബുട്ടാൻ പഴം സംഭരിക്കുമെന്ന് ഹോർട്ടികോർപ്പ് ചെയർമാൻ എസ്. വേണുഗോപാൽ അറിയിച്ചു. കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് റംബുട്ടാൻ കയറ്റി അയച്ചിരുന്നുവെങ്കിലും തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മഴ ശക്തമായതോടെ വിപണിയിൽ ആവശ്യക്കാർ കുറഞ്ഞു. കൃഷി മന്ത്രി പി. പ്രസാദിന്റെ നിർദ്ദേശിച്ചതനുസരിച്ചാണ് സംഭരണം. 600-ൽ അധികം കർഷകർ ഉൾപ്പെടുന്ന ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുമായി സഹകരിച്ചാണ് സംഭരണമെന്ന് ഹോർട്ടികോർപ്പ് എം.ഡി ജെ. സജീവ്, റീജിയണൽ മാനേജർ സി.വി ജിതേഷ് എന്നിവർ അറിയിച്ചു.
250 മുതൽ 300 രൂപ വരെയുണ്ടായിരുന്ന റംബുട്ടാൻ വില 100 രൂപയിലേക്കാണ് ഇടിഞ്ഞത്. റബർ കൃഷി ലാഭകരമല്ലാത്തതിനാൽ ആയിരക്കണക്കിന് കർഷകർ പഴവർഗ്ഗ കൃഷിയിലേക്ക് പ്രവേശിച്ചിരുന്നു. ഇതോടെ റംബുട്ടാൻ , അവക്കാഡോ , പൈനാപ്പിൾ, മാംഗോസ്റ്റിൻ എന്നിവയുടെ ഉത്പാദനം ഉയർന്നു. എറണാകുളം, കോട്ടയം പത്തനംതിട്ട , ഇടുക്കി ജില്ലകളിലാണ് പ്രധാനമായും റംബുട്ടാൻ കൃഷി വ്യാപകമായിട്ടുള്ളത്. മേയ് മാസം തുടങ്ങിയ വിളവെടുപ്പ് സെപ്‌തംബർ ആദ്യം വരെ തുടരും.
കാലാവസ്ഥാ വ്യതിയാനം വിനയായി
കാലാവസ്ഥയിലെ വ്യതിയാനമാണ് കർഷകരെ ആശങ്കയിലാക്കുന്നത്. തോട്ടങ്ങളിൽ നെറ്റ് ഇട്ട് സംരക്ഷിച്ചിരിക്കുന്ന പഴം എന്തു ചെയ്യണമെന്നറിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രതിവർഷം 250 കോടി രൂപയുടെ വിപണിയാണ് റംബൂട്ടാനുള്ളത്.