വെഡിംഗ്-മൈസ് രംഗത്ത് സമഗ്രനയം അനിവാര്യമെന്ന് ടൂറിസം ഡയറക്ടർ
കൊച്ചി: വെഡിംഗ്-മൈസ് വിപണിയിൽ കേരളം മുന്നേറുന്നതിനായി സമഗ്ര നയം അനിവാര്യമാണെന്ന് സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ കേരള ട്രാവൽമാർട്ട് (കെ.ടി.എം ) സൊസൈറ്റി സംഘടിപ്പിച്ച വെഡിംഗ് ആൻഡ് മൈസ് കോൺക്ലേവിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് അധ്യക്ഷത വഹിച്ചു. ഇന്ത്യ ടൂറിസം അസി. ഡയറക്ടർ എം.നരേന്ദ്രൻ, കെ.ടി.എം സൊസൈറ്റി സെക്രട്ടറി എസ്. സ്വാമിനാഥൻ,സി.ഇ.ഒ കെ.രാജ്കുമാർ, ജോയിന്റ് സെക്രട്ടറി ജോബിൻ അക്കരക്കളം, വൈസ് പ്രസിഡന്റ് സി.ഹരികുമാർ, ട്രഷറർ ജിബ്രാൻ ആസിഫ് പ്രസംഗിച്ചു.
വെഡിംഗ് ആൻഡ് മൈസ് രംഗത്ത് സമഗ്ര നയം രൂപീകരിക്കാനും പ്രധാന നഗരങ്ങളിൽ പ്രൊമോഷൻ ബ്യൂറോ സ്ഥാപിക്കാനും, രാജ്യാന്തര പ്രചാരണ പ്രവർത്തനങ്ങൾ നടത്താനും സമ്മേളനം തീരുമാനിച്ചു. മൂന്ന് ദിവസം നീണ്ട പരിപാടിയിൽ 6,623 ബിസിനസ് കൂടിക്കാഴ്ചകൾ നടന്നു.