പരാജയങ്ങൾ വിജയത്തിന്റെ കരുത്തെന്ന് കമൽഹാസൻ
ചെന്നൈ: വിജയതീരത്ത് എത്തണമെങ്കിൽ ധൈര്യത്തോടെ പരാജയങ്ങൾ ഏറ്റുവാങ്ങണമെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ എം.പി പറഞ്ഞു. വി.ഐ.ടിയുടെ ചെന്നൈ കാമ്പസിൽ നടന്ന ക്രിസ്‌റ്റൽ കണക്‌ട് അലുമ്‌നി മീറ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വിവിധ മേഖലകളിൽ നേട്ടമുണ്ടാക്കിയ പൂർവ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. വി.ഐ.ടി സ്ഥാപകനും ചാൻസലറുമായ ഡോ. ജി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുന്നവരായി വിദ്യാർത്ഥികൾ മാറരുതെന്നും സംരംഭങ്ങൾ ആരംഭിച്ച് തൊഴിൽ ദായകരാകണമെന്നും വി.ഐ.ടി വൈസ് പ്രസിഡന്റ് ഡോ. ജി. സെൽവം പറഞ്ഞു. വി.ഐ.ടി വൈസ് ചാൻസലർ ഡോ. വി.എസ് കാഞ്ചന, വി.ഐ.ടി ചെന്നൈ കാമ്പസ് പി.വി.സി ഡോ. ടി. ത്യാഗരാജൻ, ഡയറക്ടർ ഡോ. കെ. സത്യനാരായണൻ എന്നിവർ സന്നിഹിതരായിരുന്നു.