 ബില്ലുകൾക്ക് തീരുമാനമെടുക്കാൻ സമയപരിധി സുപ്രീംകോടതി വിധിയെ എതിർത്ത് കേന്ദ്രം

Sunday 17 August 2025 1:14 AM IST

ന്യൂഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ബില്ലുകളിൽ തീരുമാനമെടുക്കുന്നതിൽ ജുഡിഷ്യറിക്ക് നിർദ്ദേശം നൽകാനാകില്ലെന്നും രാഷ്ട്രപതിയും ഗവർണറും നിർവഹിക്കുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും ചൂണ്ടിക്കാട്ടി. ഭരണഘടന നൽകിയിരിക്കുന്ന വിവേചനാധികാരമാണ് വിനിയോഗിക്കുന്നത്. അത് യാന്ത്രികമായി പ്രയോഗിക്കാനാകില്ല. ഭരണഘടനാശില്പികൾ ബോധപൂർവമാണ് 'സമയപരിധി" ഒഴിവാക്കിയിരിക്കുന്നത്. മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി നിർദ്ദേശം,​ ഭരണഘടനാശില്പികളുടെ ഉദ്ദേശ്യത്തെ പിന്നോട്ടടിക്കുന്നതാണെന്നും വലിയതോതിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന വിധിയാണിതെന്നും സോളിസിറ്റ‌ർ ജനറൽ തുഷാർ മേത്ത മുഖേന സമ‌ർപ്പിച്ച വാദമുഖങ്ങളിൽ കേന്ദ്രം വ്യക്തമാക്കി.

സമയപരിധി നിശ്ചയിച്ചതിനു പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമു, ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിക്ക് അയച്ച റഫറൻസ് അഞ്ചംഗ ഭരണഘടനാ ബെ‌ഞ്ചിന്റെ പരിഗണനയിലാണ്. റഫറൻസ് നിയമപരമായും ഭരണഘടനാപരമായും നിലനിൽക്കില്ലെന്ന് കേരളവും തമിഴ്നാടും അറിയിച്ചിരുന്നു. അക്കാര്യത്തിൽ വാദം കേൾക്കാൻ വിഷയം 19ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം നിലപാടറിയിച്ചത്.

 ഗവർണർ ദൂതൻ മാത്രമല്ല

ഗവർണർ കേന്ദ്രത്തിന്റെ ദൂതന്മാർ മാത്രമല്ലെന്നും സംസ്ഥാനങ്ങളിലെ രാഷ്ട്രത്തിന്റെ പ്രതിനിധികളാണെന്നും കേന്ദ്രം വ്യക്തമാക്കി. ദേശതാത്പര്യത്തെ പ്രതിനിധീകരിക്കുന്നവരാണ് അവർ. ബില്ലുകളിൽ തീരുമാനമെടുക്കുന്നതിൽ സർക്കാരും ഗവ‌ർണറും തമ്മിൽ ഭിന്നാഭിപ്രായമുണ്ടെങ്കിൽ ജുഡിഷ്യൽ ഇടപെടൽ മുഖേനയല്ല, രാഷ്ട്രീയവും ഭരണഘടനാപരവുമായ സംവിധാനങ്ങളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു.