രാജ്യത്ത് വിലക്കയറ്റം കൂടുതൽ കേരളത്തിൽ: ചെന്നിത്തല 

Sunday 17 August 2025 1:17 AM IST

കോഴിക്കോട്: കേരളത്തിൽ വിലക്കയറ്റം സർവകാല റെക്കോർഡ് പിന്നിട്ടെന്നും ഭക്ഷ്യസാധനങ്ങൾക്ക് നാലിരട്ടിയോളം വില വർദ്ധിച്ചെന്നും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേശീയ തലത്തിൽ പണപ്പെരുപ്പം കഴിഞ്ഞ എട്ടു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1.55 ശതമാനത്തിലാണ്. കേരളത്തിന്റെ പണപ്പെരുപ്പം 8.89 എന്ന സർവകാല റെക്കോർഡിലാണ്. നഗരപ്രദേശങ്ങളിൽ ഇത് 10 ശതമാനം കടന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ളിമെന്റേഷൻ മന്ത്രാലയം എല്ലാ മാസവും പുറപ്പെടുവിക്കുന്ന വിലസൂചിക പട്ടികയുടെ അടിസ്ഥാനത്തിലാണ് ഈ വിവരം പുറത്തുവന്നത്.

കഴിഞ്ഞ അഞ്ചുമാസമായി ഇന്ത്യയിലെ ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനം കേരളമാണ്. മറ്റ് സംസ്ഥാനങ്ങളേക്കാൾ മൂന്നും നാലും ഇരട്ടി വില കൊടുത്താണ് കേരളീയർ ഭക്ഷ്യസാധനങ്ങൾ വാങ്ങുന്നത്. പൊതു വിപണിയിൽ ഇടപെടാതെ, ഭക്ഷ്യസാമഗ്രികളുടെ വില നിയന്ത്രിക്കാനാകാതെ സർക്കാർ സമ്പൂർണ പരാജയമായി മാറുകയാണ്. എന്തുകൊണ്ടാണ് കേരളം ഈ അസാധാരണ പ്രതിസന്ധി നേരിടുന്നതെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ജനത്തോട് വിശദമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.