മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായിക്ക് ധാർമികാവകാശമില്ല: വി.ഡി.സതീശൻ

Sunday 17 August 2025 1:28 AM IST

തിരുവനന്തപുരം: എം.ആർ. അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി സാക്ഷ്യപ്പെടുത്തിയതായി കോടതി നിരീക്ഷണമുണ്ട്. പ്രസ്തുത അന്വേഷണ റിപ്പോർട്ട് റദ്ദാക്കിയ വിജിലൻസ് കോടതി പരാമർശത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായിവിജയന് ധാർമികാവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

വിധിയിൽ മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചെന്ന് പറയുന്നുണ്ട്. 'വിജിലൻസ് വകുപ്പ് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണ്; അത് ഭരണകാര്യങ്ങൾക്കാണ്. ഒരു ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തിൽ രാഷ്ട്രീയ എക്സിക്യൂട്ടീവിന് ഒരു പങ്കുമില്ല.

ഒരാൾ കുറ്റം ചെയ്തിട്ടുണ്ടോ, കോഗ്നിസബിൾ കുറ്റകൃത്യമാണോ എന്നത് നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കേണ്ടത്; അല്ലാതെ രാഷ്ട്രീയ എക്സിക്യൂട്ടീവിന്റെ അംഗീകാരത്തെ ആശ്രയിച്ചുള്ളതല്ല.' എന്ന കോടതി നിരീക്ഷണം മുഖ്യമന്ത്രിയുടെ ഇടപെടൽ നിയമവിരുദ്ധമെന്ന് അടിവരയിടുന്നതാണ്. ഹൈക്കോടതിയുടെ ഒരു പരാമർശത്തിൽ കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന് നേതൃത്വം നൽകിയ പിണറായിക്ക് കോടതിയുടെ നേരിട്ടുള്ള ഈ പരാമർശത്തിൽ ഒന്നും പറയാനില്ലേ? പഴയകാല ചെയ്തികളിൽ കാലം ഇപ്പോഴും കണക്ക് ചേദിച്ചു കൊണ്ടിരിക്കുകയാണെന്നും വി.ഡി.സതീശൻ പറഞ്ഞു .