യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ

Sunday 17 August 2025 2:34 AM IST
നിഷാദ്

ചോറ്റാനിക്കര: യുവതിയുടെ മോ‍ർഫ് ചെയ്ത ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത യുവാവ് പിടിയിൽ. ആലുവ ആലങ്ങാട് സ്വദേശിയായ പെരിങ്ങോട്ടിൽ വീട്ടിൽ നിഷാദ് (35)ആണ് അറസ്റ്റിലായത്.

ചോറ്റാനിക്കര സ്വദേശിനിയെ ജോലി കഴിഞ്ഞ് മടങ്ങുംവഴി ഫോട്ടോ എടുത്ത നിഷാദ് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഫോൺ നമ്പ‍ർ കൈക്കലാക്കുകയായിരുന്നു. പിന്നീട് ചിത്രം മോർഫ് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ശേഷം യുവതിയുടെ മൊബൈലിലേക്ക് അയക്കുകയും ഭീഷണിപ്പെടുത്തി യുവതിയെ മെട്രോയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ വച്ച് പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചു.

യുവതിയുടെ പരാതിയിൽ കേസെടുത്ത ചോറ്റാനിക്കര പൊലീസ് നിഷാദിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾ മുമ്പും പല സ്റ്റേഷൻ പരിധികളിൽ പീഡന,​ പോക്സോ കേസുകളിൽ പ്രതിയാണ്.

പുത്തൻകുരിശ് ഡിവൈ. എസ്.പി വി.ടി. ഷാജന്റെ നിർദ്ദേശത്തെ തുടർന്ന് ചോറ്റാനിക്കര ഇൻസ്പെക്ടർ കെ.എൻ. മനോജിന്റെ നേതൃത്വത്തിൽ എസ്.ഐ അനിൽകുമാർ, എ.എസ്.ഐ രാജലക്ഷ്മി , സി.പി.ഒമാരായ അനിൽകുമാർ, അരുൺ വിശ്വം, വിനി രവീന്ദ്രൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.