ഐ.എം.എ സംസ്ഥാന കലോത്സവം തൃശൂരിൽ

Sunday 17 August 2025 12:39 AM IST

തൃശൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള ഘടകത്തിന്റെ 20ാം സംസ്ഥാന കലോത്സവം 'വിബ്ജിയോർ ഓണവില്ല്' ആഗസ്റ്റ് 23, 24 തീയതികളിൽ തൃശൂരിലെ ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ നടക്കും. ഐ.എം.എ തൃശൂർ ബ്രാഞ്ച് സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ കലോത്സവത്തിൽ 117 ബ്രാഞ്ചിൽ നിന്നായി 3,000 ഓളം ഡോക്ടർമാർ പങ്കെടുക്കും. 23ന് രാവിലെ ഒമ്പതിന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എ.ശ്രീവിലാസൻ പതാക ഉയർത്തും. 24ന് രാവിലെ പത്തിന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ കലോത്സവം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എ.ശ്രീവിലാസൻ അദ്ധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി ഡോ.കെ.ശശിധരൻ, ഗായിക ഇന്ദുലേഖ വാര്യർ, ആർട്ടിസ്റ്റ് ജെ.ആർ.പ്രസാദ്, സംഘാടക സമിതി ചെയർമാൻ ഡോ.ജോസഫ് ജോർജ്, സംഘാടക സമിതി സെക്രട്ടറി ഡോ.ബിജോൺ ജോൺസൺ, സംഘാടക സമിതി വൈസ് ചെയർമാൻ ഡോ.പവൻ മധുസൂദനൻ എന്നിവർ പ്രസംഗിക്കും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ലളിതഗാനം, മിമിക്രി, സിനിമാറ്റിക് ഡാൻസ്, വാട്ടർ കളറിംഗ് തുടങ്ങി 75 ഇനങ്ങളിലായി ആകെ 300 മത്സരങ്ങളാണുള്ളത്. കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് എവർ റോളിംഗ് ട്രോഫി സമ്മാനിക്കും.