2 കോടിയുടെ തിമിംഗില ഛർദ്ദി പിടിച്ചു

Sunday 17 August 2025 12:00 AM IST

പള്ളുരുത്തി: രണ്ട് കോടി രൂപ വില വരുന്ന 1.2 കിലോ തിമിംഗില ഛർദ്ദിയുമായി (ആംബർഗ്രീസ്) രണ്ട് മത്സ്യത്തൊഴിലാളികളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. പുതുവൈപ്പ് സ്വദേശികളായ പുറക്കൽ വീട്ടിൽ ജിനീഷ് (39), അഞ്ച്‌തൈക്കൽ വീട്ടിൽ സൗമിത്രൻ (38) എന്നിവരാണ് പള്ളുരുത്തി പിടിയിലായത്.

പശ്ചിമകൊച്ചിയിലെ ഇടനിലക്കാരുമായി വില പറഞ്ഞുറപ്പിച്ച ശേഷം വിൽപ്പനയ്‌ക്കായി കൊണ്ടുപോകും വഴിയാണ് ഇരുവരെയും പള്ളുരുത്തി എസ്.എച്ച്.ഒ എ.കെ. സുധീറിന്റെ നേതൃത്വത്തിൽ വലയിലാക്കിയത്. ആംബർഗ്രീസ് കൈവശം വയ്‌ക്കുന്നതും വിൽക്കുന്നതും വന്യജീവിസംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. പ്രതികളെ എരുമേലി ഫോറസ്റ്റ് ഓഫീസർക്ക് കൈമാറി.

മട്ടാഞ്ചേരിയിൽ രണ്ടാഴ്ച മുമ്പ് രണ്ടരക്കോടി രൂപ വില വരുന്ന ആംബർഗ്രീസ് പിടിച്ചെടുത്തിരുന്നു. ഫോർട്ട്കൊച്ചി സ്വദേശി സുഹൈലും ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് സുഹൈലുമാണ് ആഗസ്റ്റ് ആറിന് ഒന്നേകാൽ കിലോ ആംബർഗ്രീസുമായി പിടിയിലായത്.