രാജീവ് ചന്ദ്രശേഖറിനെ കണ്ട് നന്ദി പറഞ്ഞ് കന്യാസ്ത്രീകൾ

Sunday 17 August 2025 12:00 AM IST

ന്യൂഡൽഹി: ഛത്തീസ്ഗഢിൽ അറസ്റ്റിലായി പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മലയാളി കന്യാസ്ത്രീകൾ ഇന്നലെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കണ്ട് നന്ദി അറിയിച്ചു. സിസ്റ്റർ പ്രീതി മേരി,​ സിസ്റ്റർ വന്ദന ഫ്രാൻസിസ്,​ കുടുംബാംഗങ്ങൾ എന്നിവരാണ് രാജീവ് ചന്ദ്രശേഖറിന്റെ ഡൽഹിയിലെ വസതിയിലെത്തിയത്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ജയിൽ മോചനത്തിനായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ നടത്തിയ ശ്രമങ്ങൾക്ക് നന്ദി പറയാനാണ് എത്തിയതെന്ന് കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം മാത്രമാണ് ലഭിച്ചിരിക്കുന്നത്. കേസ് റദ്ദാക്കാൻ ഇടപെടൽ ആവശ്യപ്പെട്ടെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു. ജാമ്യം ലഭിക്കുന്നതിനുൾപ്പെടെ ബി.ജെ.പി നടത്തിയ ഇടപെടലുകളിൽ കന്യാസ്ത്രീകൾ സന്തോഷമറിയിച്ചതായി രാജീവ് ചന്ദ്രശേഖർ പറ‌ഞ്ഞു. ബി.ജെ.പി എല്ലാ സഹായവും നൽകുമെന്നും ഛത്തീസ്ഗഢ് സർക്കാരിന് അനുകൂല സമീപനമാണുള്ളതെന്നും അനൂപ് ആന്റണി പ്രതികരിച്ചു.