അദ്ധ്യാപക കൈപ്പുസ്തക കരടിൽ നേതാജി ഒളിച്ചോടിയെന്ന് അധിക്ഷേപം; പ്രതിഷേധം

Sunday 17 August 2025 12:21 AM IST

തിരുവനന്തപുരം: നാലാം ക്ലാസിൽ പഠിപ്പിക്കാനായി അദ്ധ്യാപകർക്ക് എസ്.സി.ഇ.ആർ.ടി നൽകുന്ന കൈപ്പുസ്തകത്തിന്റെ കരടിൽ നേതാജി സുഭാഷ് ചന്ദ്രബോസിനെ അവഹേളിക്കുന്ന പരാമർശം. നേതാജി ബ്രിട്ടനെ ഭയന്ന് ജർമ്മനിയിലേക്ക് ഒളിച്ചോടിയെന്ന ഗുരുതര തെറ്റാണ് എഴുതിവച്ചത്. വിവാദമായതോടെ അധികൃതർ ഇടപെട്ട് തിരുത്തി. പിഴവ് വരുത്തിയവരോട് വിശദീകരണം തേടാനും തീരുമാനിച്ചു.

'കോൺഗ്രസിന്റെ പ്രസിഡന്റായിരുന്ന നേതാജി പിന്നീട് സ്ഥാനം രാജിവച്ച് ഫോർവേഡ് ബ്ലോക്ക് എന്ന പുതിയ പാർട്ടി രൂപീകരിച്ചു. ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജർമ്മനിയിലേക്ക് പലായനം ചെയ്തു. പിന്നീട് ഇന്ത്യൻ നാഷണൽ ആർമി എന്ന സൈന്യസംഘടന രൂപീകരിച്ച് ബ്രിട്ടനെതിരെ പോരാടി- ഇതായിരുന്നു ഉള്ളടക്കം.

അദ്ധ്യാപകരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് 'ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന്" എന്ന പരാമർശം ഒഴിവാക്കി കൈപ്പുസ്തകം പുറത്തിറക്കും.

പിശക് ചൂണ്ടിക്കാട്ടിയപ്പോൾ തന്നെ തിരുത്തി. പുസ്തകം തയ്യാറാക്കിയവരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

- ഡോ. ആർ.കെ.ജയപ്രകാശ്,

ഡയറക്ടർ, എസ്.സി.ഇ.ആർ.ടി