ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ 20നകം പണമടക്കണം

Sunday 17 August 2025 12:42 AM IST

മലപ്പുറം: 2026ലെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡുവായി 1,52,300 രൂപ 20നകം അടയ്ക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേയ്‌മെന്റ് സ്ലിപ് ഉപയോഗിച്ച് എസ്.ബി.ഐയിലോ യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയിലോ പണമടക്കാനാവും. ഓൺലൈനായും പണമടക്കാം. പണമടക്കുന്നതിനായി ഓരോ കവറിനും പ്രത്യേകം ബാങ്ക് റഫറൻസ് നമ്പറും പേരും രേഖപ്പെടുത്തിയ പേയ്‌മെന്റ് സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭിക്കും. പണമടച്ച രസീത്, മെഡിക്കൽ സ്‌ക്രീനിംഗ് ആൻഡ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (ഗവ. മെഡിക്കൽ ഓഫീസർ അലോപ്പതി പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷാഫോറവും അനുബന്ധ രേഖകളും 25നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം. രേഖകൾ ഓൺലൈനായി സബ്മിറ്റ് ചെയ്യാനും സൗകര്യമുണ്ട്. ഇത് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐ.ഡിയിൽ ലഭ്യമാകും. ലോഗിൻ ചെയ്ത് അപേക്ഷകർക്ക് തന്നെ അപ്‌ലോഡ് ചെയ്യാനുമാകും.

നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ തിരഞ്ഞെടുപ്പ് റദ്ദാകും. അത്തരം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരെ തിരഞ്ഞെടുക്കും. രേഖകൾ സ്വീകരിക്കുന്നതിന് കൊച്ചി,കണ്ണൂർ എന്നിവിടങ്ങളിൽ പ്രത്യേകം കൗണ്ടറുകൾ പ്രവർത്തിക്കും. 24ന് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിലും 25ന് കലൂർ വഖഫ് ബോർഡ് ഓഫീസ് കോൺഫറൻസ് ഹാളിൽ രേഖകൾ സ്വീകരിക്കും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും കരിപ്പൂർ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജിയണൽ ഓഫീസിലും രാവിലെ 10 മുതൽ വൈകിട്ട് 5വരെ രേഖകൾ സ്വീകരിക്കും.