നവീൻ ബാബുവിന്റെ മരണം , തുടരന്വേഷണം എതിർത്ത് പൊലീസും ദിവ്യയും
കണ്ണൂർ: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി തള്ളണമെന്ന് പൊലീസും പ്രതിയായ പി.പി.ദിവ്യയും കോടതിയിൽ. നിയമപരമായോ വസ്തുതാപരമായോ നിലനിൽക്കാത്ത ഹർജിയാണിതെന്ന് ഇരുകക്ഷികളും വാദിച്ചു.
അന്വേഷണ പരിധിയിലുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ച് ഏകപ്രതി പി.പി.ദിവ്യ കുറ്റക്കാരിയെന്ന് കണ്ടെത്തിയതായി കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ ഹൈക്കോടതിയും സുപ്രീംകോടതിയും അന്വേഷണം ശരിയായ രീതിയിലാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഈ മാസം 5നാണ് തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ ഹർജി നൽകിയത്. ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്നും നവീൻ ബാബു പെട്രോൾ പമ്പിന് അനുമതി നല്കാൻ കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് തുടക്കം മുതൽ അന്വേഷണസംഘം നീങ്ങിയതെന്നും ഹർജിയിൽ കുറ്റപ്പെടുത്തിയിരുന്നു. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളിലേക്ക് അന്വേഷണം നീങ്ങിയില്ല. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയായിരുന്ന ദിവ്യയും പെട്രോൾ പമ്പിന് അപേക്ഷിച്ചിട്ടുള്ള പ്രശാന്തനുമായുള്ള ഫോൺകോൾ രേഖകൾ, ചാറ്റുകൾ എന്നിവ പരിശോധിച്ചില്ല, ദിവ്യയുടെ ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമിച്ചില്ല, കളക്ടറുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ അന്വേഷിച്ചില്ല തുടങ്ങിയ പിഴവുകളാണ് ചൂണ്ടിക്കാട്ടിയത്.
തുടരന്വേഷണത്തിനായി ഉന്നയിച്ച വാദങ്ങൾ നിലനിൽക്കില്ലെന്നും കേസ് നീട്ടിക്കൊണ്ടു പോകാൻ മാത്രമുള്ള ഹർജിയാണിതെന്നും പി.പി.ദിവ്യയുടെ അഭിഭാഷകൻ കെ.വിശ്വൻ വാദിച്ചു. അന്വേഷണത്തിൽ പി.പി.ദിവ്യയുടെ നിരപരാധിത്വം വെളിവാകുമെന്ന ഭയപ്പാടിലാണ് ഇങ്ങനെയൊരു ഹർജി സമർപ്പിച്ചിരിക്കുന്നതെന്ന് അഭിഭാഷകൻ മാദ്ധ്യമങ്ങളോടു പറഞ്ഞു. കേസ് 23 ലേക്കു മാറ്റി.
തെറ്റുപറ്റിയതായി നവീൻ
പറഞ്ഞെന്ന് പൊലീസ്
നവീൻ ബാബു യാത്രയയപ്പിന് ശേഷം കണ്ണൂർ ജില്ലാ കളക്ടറുടെ ചേമ്പറിൽ എത്തി തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു
നവീൻ ബാബു വിവാദ പെട്രോൾ പമ്പ് ഉടമ ടി.വി.പ്രശാന്തനുമായി നിരവധി തവണ സംസാരിച്ചിട്ടുണ്ട്. വിജിലൻസിന്റെ കണ്ണൂർ യൂണിറ്റിൽ ടി.വി.പ്രശാന്ത് എത്തുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ കണ്ടെത്തി
മന്ത്രി രാജനെതിരെയും
പൊലീസ് റിപ്പോർട്ടിൽ മന്ത്രി കെ.രാജനെതിരെയും പരാമർശം. യാത്രയയപ്പ് കഴിഞ്ഞ് മന്ത്രിയെ വിളിച്ചിരുന്നെന്ന ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ മൊഴി നേരത്തെ മന്ത്രി നിഷേധിച്ചിരുന്നു. നവീൻ കുറ്റം ചെയ്തിട്ടില്ലെന്നും കളക്ടർ പരാതി നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ കളക്ടർ മന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. യാത്രയയപ്പ് നടന്ന 2024 ഒക്‌ടോബർ 14ന് വൈകിട്ട് 5.56ന് കളക്ടർ മന്ത്രിയെ ബന്ധപ്പെട്ടു (19 സെക്കൻഡ്). 6.04ന് വീണ്ടും കളക്ടർ വിളിച്ചു (210 സെക്കൻഡ്). നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ ഒക്‌ടോബർ 15ന് രാവിലെ 8.49നും കളക്ടർ വിളിച്ചു (19 സെക്കൻഡ്).