മെഡിസെപ് പ്രീമിയം 750രൂപയാക്കി, രണ്ടാംവർഷം 5% വർദ്ധിപ്പിക്കും

Sunday 17 August 2025 12:00 AM IST

തിരുവനന്തപുരം: മെഡിസെപിന്റെ പ്രതിമാസ പ്രീമിയം 500രൂപയിൽ നിന്ന് 750രൂപയാക്കി വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. പദ്ധതിയുടെ കാലാവധി 3ൽ നിന്ന് രണ്ട് വർഷമായി ചുരുക്കിയെന്നും രണ്ടാംവർഷം 5% പ്രീമിയം വർദ്ധിപ്പിക്കുമെന്നും ഉത്തരവിലുണ്ട്. ഈ മാസം ആറിന് ചേർന്ന മന്ത്രിസഭായോഗം മെഡിസെപ്പ് രണ്ടാം ഘട്ടം അംഗീകരിച്ചതിന് പിന്നാലെയാണ് പരിഷ്ക‌രിച്ച വ്യവസ്ഥകളുൾപ്പെടുത്തി ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കിയത്. 2022ജൂലായ് ഒന്നിന് തുടങ്ങിയ മെഡിസെപ്പിന്റെ മൂന്ന് വർഷകാലാവധി ജൂൺ 30ന് പൂർത്തിയായി.തുടർന്ന് സെപ്തംബർ 30വരെ മൂന്ന് മാസത്തേക്ക് നീട്ടി. സ്വകാര്യആശുപത്രിയിൽ മുറിവാടക 5000രൂപയാക്കിയും ഗവ.ആശുപത്രിയിൽ 2000രൂപയാക്കിയും കൂട്ടിയിട്ടുണ്ട്. ശ്രീചിത്രയേയും ജിപ്മെറിനേയും മെഡിസെപിന്റെ ആശുപത്രി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ശ്രീരാംവെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ശുപാർശ പ്രായോഗികമല്ലെന്നും ഉത്തരവിലുണ്ട്.