തദ്ദേശ വോട്ടർപട്ടിക: 30വരെ അവധിദിനത്തിലും പ്രവർത്തിക്കും

Sunday 17 August 2025 12:00 AM IST

തിരുവനന്തപുരം: ആഗസ്റ്റ് 30 വരെയുള്ള എല്ലാ അവധിദിവസങ്ങളിലും സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പൽ കൗൺസിൽ, മുനിസിപ്പൽ കോർപറേഷൻ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക തയ്യാറാക്കുന്ന ജോലികൾ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കേണ്ടതിനാലാണ് തീരുമാനം.

തിരഞ്ഞെടുപ്പ് ഡിസംബറിലാണ് നടത്താനിരിക്കുന്നത്. അതിനുമുന്നോടിയായി

സംസ്ഥാനത്തെ വാർഡ് പുനർവിഭജനം ജൂൺ മാസത്തിൽ പൂർത്തിയാക്കിയിരുന്നു. അതനുസരിച്ച് നിലവിലെ വോട്ടർപട്ടിക പുന:ക്രമീകരിച്ചും പരിഷ്ക്കരിച്ചും ജൂലായ് 23ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.കരട് പട്ടികയിൽ 35ലക്ഷത്തിലേറെ പരാതികളാണ് കിട്ടിയത്.ഇതിൽ 29ലക്ഷവും വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ളതാണ്.ഇതെല്ലാം പരിഹരിക്കേണ്ടത് തദ്ദേശസ്ഥാപനങ്ങൾ മുഖേനയാണ്. ആഗസ്റ്റ് 12വരെ പരാതികൾ സ്വീകരിച്ചു. ഇതിന്മേൽ നടപടിയെടുക്കാൻ കേവലം 18ദിവസങ്ങളാണ് ഉള്ളത്. അതിനുള്ളിൽ അപേക്ഷകളിൽ തീർപ്പുണ്ടാക്കി അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷണർ ശ്രമിക്കുന്നത്.