തൃശൂരിലെ ബി.ജെ.പി ജയം രാജ്യത്തെ ഞെട്ടിച്ചു : തുഷാർ ഗാന്ധി
തിരുവനന്തപുരം : കേരളത്തിൽ നിന്നും ബി.ജെ.പിയ്ക്ക് ഒരു എം.പിയുണ്ടായത് രാജ്യത്തെ ഞെട്ടിച്ചെന്ന് ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർഗാന്ധി പറഞ്ഞു. കേരള വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച അശാസ്ത്രീയതയും അസഹിഷ്ണുതയും നിറഞ്ഞ ഇന്ത്യൻ വിദ്യാഭ്യാസരംഗം പ്രതിരോധ മാതൃകകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നാണ് കരുതിയത്. കേരളത്തിലെ ഒരു സീറ്റ് ബി.ജെ.പിയും സംഘപരിവാറിനും ഇന്ന് വളരെ വലുതാണ്. തൃശൂരിൽ നിന്ന് ഇപ്പോൾ ഉയരുന്ന കള്ളവോട്ട് പരാതികൾ ഗൗരവകരമാണ്. ജനാധിപത്യം അപകടത്തിലാക്കുന്ന സ്ഥിതിയാണ്. ഇത് ഓരോ മലയാളിയും തിരിച്ചറിയണം. തിരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിയുടെ ഏജൻസിയായി പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ ഡൽഹി റെഡ്‌ഫോർട്ടിൽ ആർ.എസ്.എസ് പ്രചാരകനാണ് ഇപ്പോൾ ദേശീയ പതാക ഉയർത്തുന്നത്. ഇത് അപമാനകരമാണ്. 50 വർഷം വരെ സ്വാതന്ത്ര്യദിനത്തെ അംഗീകരിക്കാൻ ആർ.എസ്.എസ് തയ്യാറായിരുന്നില്ല. വരുന്ന ഗാന്ധി ജയന്തി ദിനത്തിൽ നാഗ്പൂറിൽ ആർ.എസ്.എസിന്റെ ശതാബ്ദി ആഘോഷിക്കുകയാണ്. സമിതി ചെയർമാൻ ഡോ.ധർമരാജ് അടാട്ട് അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി സി.രവീന്ദ്രനാഥ്, ഡോ.സി.പദ്മനാഭൻ, ഡോ.ബിജുകുമാർ, എം.വി.ശശിധരൻ, ടി.കെ.മീരാഭായ്, എ.നജീബ്,എ.ബിന്ദു, ഡോ.പി.ആർ.പ്രിൻസ്, ഡോ.എ.പ്രേമ, ഹരിലാൽ എന്നിവർ സംസാരിച്ചു.