കൊമ്പനും കുട്ടിയുമുൾപ്പെടെ കാട്ടാനക്കൂട്ടം നാട്ടിലേക്ക്

Sunday 17 August 2025 12:57 AM IST

കൊയ്നാട് റബർ തോട്ടത്തിൽ ഇറങ്ങിയ ആനക്കൂട്ടം

കൊച്ചി: അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, പടയപ്പ തുടങ്ങിയ ഒറ്റയാന്മാർ ഒറ്റയ്‌ക്ക് തെളിച്ച താരയിലൂടെ കാട്ടാനക്കൂട്ടം കാടിറങ്ങിത്തുടങ്ങി. അടുത്തിടെ പീരുമേട് താലൂക്കിലെ സത്രം മുതൽ മതമ്പ വരെയുള്ള ജനവാസമേഖലയിൽ പല സംഘങ്ങളായി എത്തിയത് 45ലേറെ കാട്ടാനകൾ. സ്ത്രീയുൾപ്പെടെ രണ്ടു പേരെ അടുത്തിടെ കൊലപ്പെടുത്തി.

മുമ്പ് കാട്ടാനക്കൂട്ടങ്ങളിൽ കൊമ്പന്മാർ വിരളമായിരുന്നു. ഇപ്പോൾ ഓരോ സംഘത്തിലും നാലും അഞ്ചും മുതിർന്ന കൊമ്പന്മാരും നിരവധി കുട്ടിയാനകളുമുണ്ട്. അടുത്തിടെ കൊയ്‌നാട് റബർ തോട്ടത്തിൽ എത്തിയ ആനക്കൂട്ടത്തിൽ 32 എണ്ണമുണ്ടായിരുന്നു. ഒരാഴ്ചമുമ്പ് പീരുമേട് കല്ലാർ ഭാഗത്ത് 12 ആനകൾ ഒരുമിച്ച് കാടിറങ്ങി. അതിൽ അഞ്ചെണ്ണം വഴിതെറ്റി ഹാരിസൺ മലയാളം പ്ലാന്റേഷന്റെ പട്ടുമല ടീ എസ്റ്റേറ്റിലും പരിസര പ്രദേശങ്ങളിലും മൂന്നുദിവസം ചുറ്റിത്തിരിഞ്ഞ ശേഷമാണ് കാടുകയറിയത്. കഴിഞ്ഞവർഷം മതമ്പയിൽ 44 അംഗസംഘം എത്തി.

പെരിയാർ കടുവ സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്ന മതമ്പ, കൊയ്‌നാട്, പന്നിയാർകുട്ടി, പ്ലാക്കത്തടം, കല്ലാർ, കല്ലാർപുതുവൽ, പരുന്തുംപാറ, ഗ്രാമ്പി, കാട്ടുമാൻതേരി, മൗണ്ട്, സത്രം എന്നിവിടങ്ങളിലാണ് വന്യജീവിശല്യം രൂക്ഷം.

ട്രാവൻകൂർ റബർ ആൻഡ് ടീ (ടി.ആർ ആൻഡ് ടീ), എ.വി.ടി, ബഥേൽ പ്ലാന്റേഷൻ, ഹാരിസൺ മലയാളം പ്ലാന്റേഷൻ, പോബ്സൺ തുടങ്ങിയ കമ്പനികളുടെ അധീനതയിലുള്ള പതിനായിരത്തിലേറെ ഏക്കർ സ്ഥലം പരിചരണമില്ലാതെ കാടുമൂടി കിടക്കുന്നതാണ് വന്യജീവി ശല്യത്തിന് പ്രധാന കാരണം. ഗ്രാമ്പി മേഖലയിൽ കടുവ, പുലി, കരടി തുടങ്ങി പെരിയാർ കടുവസങ്കേതത്തിലുള്ള എല്ലായിനം മൃഗങ്ങളുമുണ്ട്. നാല് മാസത്തിനിടെ ഇവിടെ മാത്രം രണ്ട് കടുവകൾ കൊല്ലപ്പെട്ടു. മയക്കുവെടി വച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഒരെണ്ണം ചത്തത്. മറ്റൊന്നിനെ ചത്തനിലയിൽ കണ്ടെത്തി.

 45 ആനയെ തുരത്താൻ

23 ജീവനക്കാർ

ആനശല്യം രൂക്ഷമായ മതമ്പ മുതൽ സത്രം വരെയുള്ള 70 കിലോമീറ്റർ വനാതിർത്തി എരുമേലി ഫോറസ്റ്റ് റേഞ്ചിലെ മുറിഞ്ഞ സ്റ്റേഷൻ പരിധിയിലാണ്. ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ 23 ജീവനക്കാരാണ് ആകെയുള്ളത്.