കൊല്ലം തീരത്ത് മത്സ്യബന്ധന ബോട്ടിനെ ഇടിച്ച കപ്പൽ നിറുത്താതെ പോയി
കൊല്ലം: കൊല്ലം തീരത്ത് നിന്ന് 24 നോട്ടിക്കൽ മൈൽ അകലെ, മത്സ്യബന്ധന ബോട്ടിനെ ഇടിച്ച കപ്പൽ നിറുത്താതെ പോയി. അപകടത്തിൽ കടലിൽ വീണ ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. രണ്ടുപേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. സി.ആർ തെത്‌സ് എന്ന പനാമ കെമിക്കൽ ടാങ്കർ കപ്പൽ, ശക്തികുളങ്ങര സ്വദേശി നിമ്മിയുടെ ഉടമസ്ഥതയിലുള്ള നെസ്നിയ എന്ന ബോട്ടിൽ ഇടിക്കുകയായിരുന്നു. ബോട്ടിന്റെ പിൻഭാഗം ഒന്നരമീറ്ററോളം നീളത്തിൽ പൂർണമായും തകർന്നു. തൊഴിലാളികളായ കുളച്ചൽ സ്വദേശി സഹായ ഹെൻസിൻ, ജാക്സൺ ബ്രിട്ടോ, പശ്ചിമബംഗാൾ സ്വദേശി രത്തൻദാസ്, ബഹരഞ്ജൻ ദാസ്, സുമൻദാസ്, ദേവ എന്നിവരാണ് കടലിൽ വീണത്. സംഭവത്തിൽ കപ്പൽ ക്യാപ്റ്റനെതിരെ ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തു.
യു.എ.ഇയിലെ ഘോർ അൽ ഫക്കാൻ തുറമുഖത്ത് നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്നു കപ്പൽ. രണ്ടാം വല വലിക്കുന്നതിനിടെ ബോട്ടിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. സ്രാങ്ക് ഉൾപ്പടെ 12 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. അഞ്ചുപേർ സ്റ്റോർ റൂമിലും ആറുപേർ ബോട്ടിന് മുകളിൽ നിന്ന് രണ്ടാം വലയിലെ മത്സ്യം തരംതിരിക്കുകയുമായിരുന്നു. ഈ ആറുപേരാണ് കടലിൽ വീണത്.
ബഹളം വച്ചെങ്കിലും കപ്പലിലുണ്ടായിരുന്നവർ രക്ഷാപ്രവർത്തനത്തിന് തയ്യാറായില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. രാത്രി 12 ഓടെ ബോട്ട് ശക്തികുളങ്ങര ഹാർബറിൽ എത്തിയ ശേഷമാണ് എല്ലാവരെയും നീണ്ടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപകടത്തിൽ വലിച്ചുകൊണ്ടിരുന്ന രണ്ടാം വലയും റോപ്പും കടലിൽ നഷ്ടമായി. വല വലിക്കാൻ ഉപയോഗിക്കുന്ന ബോർഡ് പൂർണമായും തകർന്നു. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. ബോട്ട് ഉടമയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത നീണ്ടകര കോസ്റ്റൽ പൊലീസ്, അന്വേഷണം കൊച്ചി ഫോർട്ട് പൊലീസിന് കൈമാറുകയായിരുന്നു. ബോട്ട് ശക്തികുളങ്ങരയിലെ സ്വകാര്യ യാർഡിലേക്ക് മാറ്റി. കോസ്റ്റ് ഗാർഡ് മുഖേനെ കപ്പലിനെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് കോസ്റ്റൽ പൊലീസെന്നാണ് വിവരം.