ലോറികൾ കൂട്ടിയിടിച്ച് ഒരു മരണം

Sunday 17 August 2025 12:25 AM IST

കൊല്ലം: ദേശീയപാതയിൽ നിയന്ത്രണം വിട്ട പാഴ്സൽ ലോറി ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പാഴ്സൽ ലോറി ഡ്രൈവർ എറണാകുളം സ്വദേശി കുമ്പളങ്ങി കണ്ണമാലി ചർച്ചിന് സമീപം മീനങ്ങാട്ട് ഹൗസിൽ മാക്സൽ ജോസഫാണ് (22) മരിച്ചത്.

ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ ദേശീയപാതയിൽ തട്ടാമല സ്കൂളിന് സമീപത്തായിരുന്നു അപകടം. കൂട്ടിയിടിയെ തുടർന്ന് പാഴ്സൽ ലോറിയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് സംഘമെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കഴക്കൂട്ടത്തെ പ്ലാന്റിൽ നിന്ന് ആലപ്പുഴയിലേക്ക് സിലിണ്ടർ കയറ്റിപ്പോവുകയായിരുന്ന ലോറിയിൽ എതിർ ദിശയിൽ വന്ന പാഴ്സൽ ലോറി ഇടിച്ചുകയറുകയായിരുന്നു. സിലിണ്ടർ കയറ്റിയ ലോറി മറിയാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. മാക്സൽ ജോസഫിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇരവിപുരം പൊലീസ് കേസെടുത്തു.