ഓട്ടോ ഡ്രൈവർമാരുടെ പൂക്കൃഷി വെട്ടി നശിപ്പിച്ച നിലയിൽ
പാലക്കാട്: ഓണവിപണി ലക്ഷ്യമിട്ട് ഓട്ടോ ഡ്രൈവർമാർ നടത്തിയ പൂക്കൃഷി സാമൂഹ്യ വിരുദ്ധർ വ്യാപകമായി വെട്ടി നശിപ്പിച്ച നിലയിൽ. കോട്ടായി പരുത്തിപ്പള്ളി കരിങ്കുളത്താണ് പൂത്തുനിന്ന 350 ഓളം ചെണ്ടുമല്ലി ചെടികൾ വെട്ടിനശിപ്പിച്ചത്. ഓട്ടോ ഡ്രൈവർമാർ കോട്ടായി പൊലീസിൽ പരാതി നൽകി. പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്വാതന്ത്ര്യദിനത്തിന് വേണ്ടി പ്രദേശത്തെ ക്ലബിലെ അംഗങ്ങൾ ഓട്ടോ ഡ്രൈവർമാരോട് ചെണ്ടുമല്ലി ചോദിച്ചിരുന്നതായും പണം നൽകിയാൽ തരാമെന്ന് പറഞ്ഞിരുന്നതായും ഡ്രൈവർമാർ പറയുന്നു. ഒരു സംഘം ഓട്ടോ ഡ്രൈവർമാർ പണം സ്വരൂപിച്ചാണ് 50 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് പൂ കൃഷി ആരംഭിച്ചത്. രണ്ടരമാസമായി കൃഷി തുടങ്ങിയിട്ട്. ഒരു തൈയ്ക്ക് എട്ട് രൂപ നിരക്കിൽ പുറത്തുനിന്നാണ് വാങ്ങിയത്. ഇവ പൂർണമായും അരിവാൾ കൊണ്ട് വെട്ടി നിരത്തിയ നിലയിലാണ്. കഴിഞ്ഞ വർഷവും ഇവർ 50 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് പൂകൃഷിയും പച്ചക്കറി കൃഷിയും ചെയ്തിരുന്നു. അതുപോലെ ഇത്തവണയും പൂകൃഷി നടത്തിയതാണ് സമാഹ്യ വിരുദ്ധർ നശിപ്പിച്ചു കളഞ്ഞത്.