ടാങ്കർ ലോറിക്കടിയിൽ മലമ്പാമ്പ്: ദേശീയപാതയിൽ ഗതാഗതക്കുരുക്ക്

Sunday 17 August 2025 12:41 AM IST

കളമശേരി: ദേശീയപാതയിൽ കളമശേരി നഗരസഭാ ഓഫീസിനു സമീപം പാർക്ക്‌ ചെയ്തിരുന്ന കുടിവെള്ള ടാങ്കർ ലോറിയുടെ ടയറിൽ മലമ്പാമ്പ് കുടുങ്ങി. പാമ്പിന്റെ തലയിൽ ആരോ കുരുക്കിട്ട നിലയിലായിരുന്നു. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് ജനത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. മലമ്പാമ്പിനെ കാണാൻ വാഹനങ്ങൾ നിറുത്തിയതോടെ ദേശീയപാത ഗതാഗതക്കുരുക്കിലായി. കളമശേരി സ്വദേശി മുഹമ്മദ് റഫീക്ക് പാമ്പിനെ പിടികൂടി ചാക്കിനകത്താക്കി. പാമ്പിന്റെ തലയ്‌ക്ക് പരിക്കുണ്ട്. തല ഒരു കമ്പിനോട് ചേർത്ത് തോർത്തുപോലുള്ള തുണിക്കഷണം കൊണ്ട് കെട്ടിയിട്ട നിലയിലായതിനാൽ ഇഴഞ്ഞു നീങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. നഗരസഭ കൗൺസിലർ റഫീഖ് മരക്കാർ അറിയിച്ചതനുസരിച്ച് കോടനാട് നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി എട്ടരയോടെ പാമ്പിനെ കൊണ്ടുപോയി.