ഇന്ന് ചിങ്ങം ഒന്ന്: കാർഷിക പാരമ്പര്യത്തിന്റെ അമൂല്യരേഖയുണ്ട് കരിക്കാട് ഗ്രാമത്തിൽ
മഞ്ചേരി: ഇന്ന് ചിങ്ങം ഒന്ന് കർഷക ദിനം. സമ്പന്നമായ കാർഷിക പാരമ്പര്യത്തിന്റെ ചരിത്ര സൂക്ഷിപ്പുകളിൽ അമൂല്യമായ ഒരു രേഖയുണ്ട്, മലപ്പുറത്ത് കരിക്കാട് ഗ്രാമത്തിൽ. മുത്തേടത്ത് പാലശ്ശേരി മനയിലെ ഉണ്ണികൃഷ്ണൻ നമ്പൂതിരി വീട്ടിൽ മുത്തച്ഛനായ ശങ്കരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒന്നര നൂറ്റാണ്ട് മുമ്പ് കൂട്ടുകൃഷി നടത്തിയതിന്റെ രേഖകളാണ് കാർഷിക പാരമ്പര്യത്തിന്റെ അടയാളമായി ഉണ്ണികൃഷ്ണൻ നമ്പൂതിരി സൂക്ഷിച്ചിരിക്കുന്നത്. സൗകര്യങ്ങൾ പരിമിതമായിരുന്ന അക്കാലത്ത് അത്യുത്പാദനശേഷിയുള്ള നല്ലയിനം കുരുമുളകുവള്ളിക്കുള്ള അന്വേഷണം ശങ്കരൻ നമ്പൂതിരി ആരംഭിച്ചിരുന്നു. കൂട്ടുകൃഷിയിൽ പങ്കാളിയാകാൻ താത്പര്യം കാണിച്ച മരുമകൻ കാവുങ്ങൽ മംഗലശ്ശേരി ദാമോദരൻ നമ്പൂതിരിയുമായി കരാർ എഴുതി. ദാമോദരൻ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള പയ്യനാട് അംശത്തിലെ തുടിയൻ മല, താണിക്കൽ മല, ഊത്താലയ്ക്കൽ മല എന്നിവിടങ്ങളിലെ 370 ഏക്കർ ഭൂമിയിൽ കൃഷിയിറക്കാൻ നിശ്ചയിച്ചു. രണ്ടു പേരും 250 ഉറുപ്പിക വീതം മൂലധനമിറക്കാമെന്നും ഉടമ്പടിക്കരാർ എഴുതി. 1888 ജനുവരി 31നു മഞ്ചേരി സബ്ബ് രജിസ്ട്രാർ ഓഫീസിൽ 146ാം നമ്പറായി ഉടമ്പടിക്കരാർ രജിസ്റ്റർ ചെയ്തു. 1888 മാർച്ച് ഏഴിനു തളിപ്പറമ്പ് പാലമൃത് ഇല്ലത്തെ നമ്പൂതിരി അയച്ച കത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്. 'ആവശ്യപ്പെട്ട പ്രകാരം പന്തിരായിരം വള്ളിത്തലകൾ ഇവിടെ നിന്നു ലഭിക്കും. ആയിരം തലയ്ക്ക് അഞ്ച് ഉറുപ്പികയാണ് വില. ആവശ്യമെങ്കിൽ അറിയിക്കുക'. ശങ്കരൻ നമ്പൂതിരി തന്റെ കാര്യസ്ഥനെ വള്ളി കൊണ്ടു വരാൻ തളിപ്പറമ്പിനയച്ചു. ദിവസങ്ങൾ വേണ്ടി വരുന്ന യാത്രയായതിനാൽ വള്ളിത്തലകൾ വാഴപ്പോളകൾക്കിടയിൽ വച്ച് ഊഷ്മാവ് ക്രമികരിച്ച് സൂക്ഷ്മതയോടെയാണ് എത്തിച്ചത്. കൂട്ടുകൃഷി സമ്പ്രദായത്തിലൂടെ 370 ഏക്കർ ഭൂമിയിൽ കുരുമുളകു കൃഷി ചെയ്‌തു. ഈ കൂട്ടുകൃഷിയെക്കുറിച്ചുൾപ്പെടെ പത്തൊമ്പതാം നൂറ്റാണ്ടിലെ മറ്റു നിരവധി പുരാരേഖകളും മലപ്പുറത്ത് കരിക്കാട് ഗ്രാമത്തിൽ മുത്തേടത്ത് പാലശ്ശേരി മനയിലെ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഇന്നും സൂക്ഷിക്കുന്നു. ഇവ ചരിത്ര വിദ്യാർഥികൾക്ക് റഫറൻസിനു നല്കാറുണ്ട്.