ബൈക്ക് യാത്രികന്റെ മരണത്തിൽ വഴിത്തിരിവ്: മരണം പന്നിയെ ഇടിച്ചല്ല, കാറിടിച്ച്
കുളത്തൂപ്പുഴ: മലയോര ഹൈവേ മടത്തറ കുളത്തൂപ്പുഴ പാതയിൽ കഴിഞ്ഞ ദിവസം പുലർച്ചെ ഉണ്ടായ അപകടത്തിൽ കാട്ടുപന്നിയെ ഇടിച്ചല്ല ബൈക്ക് യാത്രികനായ യുവാവ് മരിച്ചതെന്ന് ചിതറ പൊലീസ് കണ്ടെത്തി. സംഭവ സമയം അതുവഴിവന്ന കാർ കാട്ടുപന്നിയെ ഇടിക്കുകയും പന്നിയുടെ ദേഹത്തുകയറി നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിക്കുകയുമായിരുന്നു. തമിഴ്നാട് രജിസ്ട്രേഷനിലെ കാർ ഓടിച്ചിരുന്ന തമിഴ്നാട് കടയന്നൂർ സ്വാദേശി അബ്‌ദുൾ ഖാദറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഇഞ്ചക്കൽ ഭാഗത്തെ ടൊയോട്ട വർക്ക്ഷോപ്പിൽ നിന്ന്, അപകടമുണ്ടാക്കിയ ടൊയോട്ട എറ്റിയോസ് കാറും കണ്ടെത്തി.
ചിതറ എസ്.എച്ച്.ഒ അജികുമാറിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ സനൽ, വിശാഖ്, സന്തോഷ് എന്നിവർ നിരവധി സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാർ ഡ്രൈവറും കാറും കസ്റ്റഡിയിലായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കടയ്ക്കൽ കോടതിയിൽ ഹാജരാക്കി. മനപൂർവമല്ലാത്ത നരഹത്യ ആയതിനാൽ ജാമ്യം അനുവദിച്ചു.