ബീച്ച് ആശുപത്രി അമ്മത്തൊട്ടിൽ ഉദ്ഘാടനം ഇന്ന് കുരുന്നുകൾ ഇവിടെ സുരക്ഷിതർ

Sunday 17 August 2025 1:00 AM IST
ബീച്ച് ഗവ. ജനറൽ ആശുപത്രിയിലെ ഇലക്ട്രോണിക് അമ്മത്തൊട്ടിൽ

കോഴിക്കോട്: ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾ ഇനി ബീച്ച് ഗവ. ജനറൽ ആശുപത്രിയിലെ ഇലക്ട്രോണിക് അമ്മത്തൊട്ടിലിൽ സുരക്ഷിതമായിരിക്കും. തൊട്ടിലിലെത്തുന്ന കുഞ്ഞുങ്ങളെ രണ്ട് മിനിട്ടിനുള്ളിൽ ശിശുക്ഷേമ സമിതിയുടെ സുരക്ഷിത കരങ്ങൾ ഏറ്റെടുക്കും. 2021 ൽ ഭരണാനുമതി ലഭിച്ച പദ്ധതിയാണ് നാല് വർഷത്തിന് ശേഷം യാഥാർത്ഥ്യമാകുന്നത്. ഇന്ന് വെെകീട്ട് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് തൊട്ടിൽ ഉദ്ഘാടനം ചെയ്യും. 32,​50000 രൂപയാണ് ചെലവ്. തൊട്ടിലിന് മാത്രം എട്ടു ലക്ഷം രൂപയോളം ചെലവ് വരും. പദ്ധതിയുടെ പ്രവൃത്തി ആദ്യം ഏറ്റെടുത്തിരുന്ന കെ.എസ്ഐ.ഇ (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്) കമ്പനി പിന്മാറിയതോടെ പി.ഡബ്ല്യു.ഡി കെട്ടിടം നിർമ്മാണം പൂർത്തീകരിക്കുകയായിരുന്നു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്കാര കമ്പനിയാണ് തൊട്ടിൽ സ്ഥാപിച്ചത്.

അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്ക് നായകളുടെ കടിയേൽക്കുന്നതുൾപ്പെടെ ജീവൻ അപകടത്തിലാവുന്ന സാഹചര്യങ്ങളുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോമാറ്റിക് വാതിലുകളുള്ള ഇലക്ട്രോണിക് അമ്മത്തൊട്ടിൽ ശിശുക്ഷേമ സമിതി ആശുപത്രി മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയത്. ബീച്ച് ആശുപത്രിയുടെ തെക്കുഭാഗത്തെ റോഡിൽ നിന്ന് പ്രവേശിക്കാവുന്ന വിധത്തിലാണ് അമ്മത്തൊട്ടിൽ നിർമിച്ചത്. ഇവിടെ കുഞ്ഞുങ്ങളെ എത്തിച്ചാലുടൻ ബീച്ച് ആശുപത്രി സൂപ്രണ്ട്, സീനിയർ നഴ്സ്, ശിശുക്ഷേമ സമിതി പ്രവർത്തകർ തുടങ്ങിയവരുടെ മൊബെെൽ ഫോണിൽ മെസേജ് എത്തും. തൊട്ടിലിൽ ക്യാമറയുണ്ടാകുമെങ്കിലും കുഞ്ഞിനെ എത്തിച്ചയാളുടെ ഫോട്ടോ എങ്ങും പതിയില്ല. കുഞ്ഞിനെ എത്തിച്ചശേഷം അവർ മടങ്ങിപ്പോകുന്നതോടയൊണ് ക്യാമറ പ്രവർത്തിക്കുക. അതിനാൽ അവർക്ക് സുരക്ഷിതരായി മടങ്ങാം. രണ്ടു മിനിറ്റിനുള്ളിൽ ആശുപത്രി നഴ്സ് എത്തി കുഞ്ഞിനെ ഏറ്റുവാങ്ങും. പിന്നീട് ശിശുക്ഷേമ സമിതിയ്ക്ക് കെെമാറും. തൊട്ടിലിന്റെ പ്രവേശന കവാടത്തിനടുത്ത് മനോഹരമായ പൂന്തോട്ടവും സജ്ജമാക്കിയിട്ടുണ്ട്.

എ. പ്രദീപ് കുമാർ എം.എൽ.എയായിരിക്കുമ്പോഴാണ് തുക പാസാക്കി ഭരണാനുമതി ലഭ്യമാക്കിയത്.

അമ്മത്തൊട്ടിലിന്റെ പ്രവർത്തനം

കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയാൽ വാതിലടയും

 ഉദ്യോഗസ്ഥർക്ക് മൊബെെലിൽ അറിയിപ്പെത്തും

കുഞ്ഞിന്റെ ചലനം വീഡിയോ അധികൃതർക്ക് ലഭിക്കും

 കുഞ്ഞിനെ എത്തിച്ച വ്യക്തിയെ കാണാനാകില്ല

ആശുപത്രി പ്രവർത്തകരെത്തി കുഞ്ഞിനെ മാറ്റും

ചെലവ്........32,​50000