ആറ് മാസം, ജില്ലയിൽ 53 മുങ്ങിമരണം
കൊല്ലം: ജില്ലയിലെ ജലാശയങ്ങളിൽ ആറുമാസത്തിനിടെ മുങ്ങിമരിച്ചത് 53 പേർ. നീന്തൽ അറിയില്ലെങ്കിലും കുളിക്കാൻ ഇറങ്ങിയവരും അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിച്ചവരുമാണ് മരണത്തിന് കീഴടങ്ങിയത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ അടക്കം ദുരന്തത്തിൽപ്പെട്ടു.
കാൽ വഴുതി അപകടത്തിൽപ്പെടുന്നവരുടെ എണ്ണവും കൂടുതലാണ്. അശ്രദ്ധയാണ് ഒട്ടുമിക്ക മരണങ്ങൾക്കും പിന്നിലെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു. ബന്ധുവീടുകളിലെത്തുന്ന കൗമാരക്കാരും സുഹൃത്തുക്കൾക്കൊപ്പം ജലാശയങ്ങളിൽ കുളിക്കാനെത്തുന്നവരും അപകടങ്ങൾക്കിരയാവുന്നു. വിനോദ യാത്രയ്ക്കിടെ മദ്യലഹരിയിലും മറ്റും ജലാശയങ്ങളിൽ ഇറങ്ങി മരണത്തിനിരയായ യുവാക്കളുമുണ്ട്.
നീന്തൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ട് അധികനാളായില്ല. ഏറെ നാളത്തെ പ്രധിഷേധങ്ങൾക്കൊടുവിലാണ് നീന്തൽ പഠന ഭാഗമായത്. എന്നാൽ വിരലിലെണ്ണാവുന്ന സ്കൂളുകളിൽ മാത്രമാണ് പദ്ധതി നടപ്പാക്കിയത്. കായിക അദ്ധ്യാപകർക്ക് വേണ്ടിയുള്ള നീന്തൽ പരിശീലനം പുരോഗമിക്കുകയാണ്.
പാറക്കുളങ്ങൾ ഭീഷണി
മഴക്കാലമെന്നോ വേനലെന്നോ വ്യത്യാസമില്ലാതെ, ജില്ലയിലെ നൂറുകണക്കിന് പാറമടകളാണ് വെള്ളം നിറഞ്ഞുകിടക്കുന്നത്. ഒട്ടുമിക്ക പാറമടകൾക്കും സംരക്ഷണവേലിയില്ല. മുങ്ങിമരണങ്ങളിൽ ഏറിയ പങ്കും പാറക്കുളങ്ങളിലാണ്. പുറമേ ശാന്തമായി കാണപ്പെടുന്ന ഇവയുടെ ആഴം ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും. ഇതേപ്പറ്റി ധാരണയില്ലാതെ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്.
സ്ഥലം-മുങ്ങിമരണം
(ഫയർഫോഴ്സ് റിപ്പോർട്ട്)
കൊല്ലം (കടപ്പാക്കട): 9
ചാമക്കട-5
കുണ്ടറ-8
കൊട്ടാരക്കര-4
കരുനാഗപ്പള്ളി-1
കടയ്ക്കൽ-6
ശാസ്താംകോട്ട-6
പത്തനാപുരം-4
പുനലൂർ-6
പരവൂർ-4
ജലാശയത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാതെ ഇറങ്ങുന്നതാണ് അപകടം വിളിച്ചുവരുത്തുന്നത്. കരയിൽ നിന്ന് കാണുമ്പോൾ ആഴമോ ഒഴുക്കിന്റെ ശക്തിയോ അറിയാൻ കഴിയില്ല.
ഫയർ ഫോഴ്സ് അധികൃതർ