അതിജീവിത തിരിച്ചുവരണമെന്ന് ശ്വേതമേനോൻ

Sunday 17 August 2025 3:01 AM IST

കൊച്ചി: നടി കേസിലെ അതിജീവിത താരസംഘടനയായ അമ്മയിലേക്ക് തിരിച്ചുവരണമെന്ന് പ്രസിഡന്റ് ശ്വേത മേനോൻ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അഭ്യർത്ഥന.

നടിയെ ആക്രമിച്ച കേസ് ഗൗരവമുള്ളതാണ്. അതിജീവിതയ്‌ക്കൊപ്പം എല്ലാവരുമുണ്ട്. കേസിൽ എത്രയും പെട്ടെന്ന് വിധി വരണം. നിയമത്തിലെ പല കാര്യങ്ങളും മാറാൻ സമയമായി. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരിക്കാനില്ല. അമ്മയെ എങ്ങനെ നന്നാക്കാം എന്നാണ് ആലോചിക്കുന്നത്. സംഘടനയിൽ നിന്ന് പോയവർ തിരിച്ചെത്തണം. മിക്ക പ്രശ്‌നങ്ങളും ഒരുമിച്ചിരുന്ന് ചർച്ച ചെയ്താൽ തീരാവുന്നതേയുള്ളൂ. തുടർനടപടികൾ ജനറൽ ബോഡി വഴിയാകും നടക്കുകയെന്നും ശ്വേത മേനോൻ പറഞ്ഞു. അതേസമയം, താൻ ഇപ്പോൾ അമ്മയിൽ അംഗമല്ലെന്നും നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ എത്തിയതിനെക്കുറിച്ച് അറിയില്ലെന്നും അതിജീവിത അറിയിച്ചു.