ഗ്രീൻഫീൽഡ് ഹൈവേ... 103 സ്ഥലങ്ങളിൽ ബോർഹോൾ സ്റ്റഡി
കൊല്ലം: നിർദ്ദിഷ്ട കടമ്പാട്ടുകോണം - ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയിൽ റോഡ് തകരൽ, മണ്ണിരുത്തൽ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ ബോർഹോൾ സ്റ്റഡി ആരംഭിച്ചു. വയൽ പ്രദേശങ്ങൾ, വശങ്ങളിൽ ഉയരത്തിൽ മൺതിട്ടകളുള്ള ഭാഗങ്ങൾ എന്നിവയടക്കം 103 സ്ഥലങ്ങളിലാണ് പഠനം.
ഗ്രീൻഫീൽഡ് ഹൈവേയുടെ ഡി.പി.ആർ തയ്യാറാക്കൽ അന്തിമഘട്ടത്തിലെത്തിയിരുന്നു. ഇതിനിടെ മലപ്പുറത്ത് ദേശീയപാത തകർന്ന പശ്ചാത്തലത്തിലാണ് ബോർഹോൾ സ്റ്റഡിയും മണ്ണിന് ബലക്കുറവുള്ള സ്ഥലങ്ങളിൽ സ്വീകരിക്കേണ്ട നിർമ്മാണ രീതി സംബന്ധിച്ച ജിയോ ടെക്നിക്കൽ സ്റ്റഡിയും നടത്താൻ കൺസൾട്ടന്റിന് എൻ.എച്ച്.എ.ഐ പ്രൊജക്ട് ഓഫീസ് നിർദ്ദേശം നൽകുകയായിരുന്നു.
സെപ്തംബർ പകുതിയോടെ പഠനം പൂർത്തിയാക്കി ഒക്ടോബർ ആദ്യം ഡി.പി.ആർ എൻ.എച്ച്.എ.ഐക്ക് കൺസൾട്ടന്റ് കൈമാറും. തുടർന്ന് എൻ.എച്ച്.എ.ഐ പരിശോധനകൾക്ക് ശേഷം ദേശീയ ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി കൈമാറും. നവംബറിൽ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിന് പിന്നാലെ നഷ്ടപരിഹാര വിതരണം ആരംഭിക്കുന്നതിനൊപ്പം നിർമ്മാണത്തിനുള്ള ടെണ്ടറും ക്ഷണിക്കും.
തകർച്ച ഒഴിവാക്കാൻ
റോഡിന്റെ സ്ഥിരത ഉറപ്പാക്കാനുള്ള പഠനം മണ്ണിടിച്ചിൽ, മണ്ണിരുത്തൽ സാദ്ധ്യത കണ്ടെത്തും കുഴിയെടുത്ത് മണ്ണിന്റെയും പാറയുടെ സാമ്പിളെടുക്കും
ഇവ പരിശോധിച്ച് ഉറപ്പ് പരിശോധിക്കും പഠനത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മാണ രീതി
തുരങ്കപാതയ്ക്കും പഠനം
ഗ്രീൻഫീൽഡ് ഹൈവേയുടെ ഭാഗമായി തെന്മലയ്ക്കും കോട്ടവാസലിനും ഇടയിൽ ലക്ഷ്യമിടുന്ന നാല് തുരങ്കപാതകൾക്കായും ജിയോ ടെക്നിക്കൽ സ്റ്റഡിയും ജിയോ ഫിസിക്കൽ സ്റ്റഡിയും നടക്കുകയാണ്. സ്വിസർലൻഡ് ആസ്ഥാനമായുള്ള കമ്പനിയുടെ നേതൃത്വത്തിൽ നടക്കുന്ന പഠനം പൂർത്തിയാകുന്നതിന് പിന്നാലെ തുരങ്കപാതയുടെ രൂപരേഖ അന്തിമമാക്കും.
നീളം-59.36 കിലോ മീറ്റർ വീതി-45 മീറ്റർ (4 വരി)
അടങ്കൽ തുക
₹ 4047 കോടി
ബോർഹോൾ സ്റ്റഡിയിലൂടെ ഓരോ സ്ഥലത്തും സ്വീകരിക്കേണ്ട നിർമ്മാണ രീതി വ്യത്യസ്തപ്പെട്ടിരിക്കും. ഇത് ഹൈവേയുടെ ഉറപ്പിന് ഗുണകരമാകും.
എൻ.എച്ച്.എ.ഐ അധികൃതർ