വാളയാറിൽ കാർ ലോറിയിൽ ഇടിച്ചു; യുവതികൾക്ക് ദാരുണാന്ത്യം,​ മൂന്ന് വയസുകാരൻ ഗുരുതരാവസ്ഥയിൽ

Sunday 17 August 2025 7:55 AM IST

പാലക്കാട്: വാളയാറിൽ വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ മലർ, ലാവണ്യ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മലറിന്റെ മൂന്നുവയസുകാരനായ മകൻ അടക്കം രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.

ഇവർ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഏഴുപേരായിരുന്നു കാറിലുണ്ടായിരുന്നത്. മലറും ലാവണ്യയും കാറിന്റെ ഇടതുവശത്തായിരുന്നു ഇരുന്നിരുന്നത്. കുട്ടികളുടെ സംഗീതപരിപാടിയിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു അപകടമുണ്ടായത്.

ഗുരുതരാവസ്ഥയിലുള്ള മൂന്നുവയസുകാരനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് മാറ്റിയിട്ടുണ്ട്. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകട കാരണം വ്യക്തമല്ല.