തുറവൂർ ഉയരപ്പാതയുടെ സ്‌കൈബീം നിലംപതിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Sunday 17 August 2025 9:08 AM IST
ആലപ്പുഴ: തുറവൂർ - അരൂർ ഉയരപ്പാത മേഖലയിൽ അപകടം. ഗർഡർ ഉറപ്പിക്കാൻ ഉപയോഗിക്കുന്ന സ്‌കൈബീം നിലംപതിച്ചു. സ്കൈ ബീം ക്രെയിൻ ഉപയോഗിച്ച് അഴിച്ചുമാറ്റുന്നതിനിടയിൽ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. ആർക്കും പരിക്കില്ലെന്നാണ് വിവരം. എന്നാൽ സ്റ്റീൽ ഗർഡറുകൾ കൊണ്ടുപോകാനായി തൂണിനടിയിൽ നിർത്തിയിട്ടിരുന്ന ലോറി തകർന്നു.
അപകടസമയത്ത് വാഹനങ്ങളൊന്നും ഇതുവഴി കടന്നുപോകാത്തതിനാലാണ് വലിയ ദുരന്തം ഒഴിവായത്. എന്നാൽ ഗതാഗത നിയന്ത്രണമേർപ്പെടുത്താതെയാണ് സ്‌കൈ ബീം താഴേക്ക് ഇറക്കാൻ ശ്രമിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. ഈ സമയം വാഹനങ്ങൾ കടന്നുപോയിരുന്നുവെങ്കിൽ ദുരന്തമുണ്ടാകുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.