പുരപ്പുറ സോളാർ വയ്‌ക്കാൻ പ്ലാൻ ഉണ്ടോ? ഉടൻ സംഭവിക്കാൻ പോകുന്ന മാറ്റത്തെക്കുറിച്ച് നിങ്ങളറിയണം

Sunday 17 August 2025 9:20 AM IST

തിരുവനന്തപുരം: പകൽ പുരപ്പുറ സോളാറിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിച്ച് രാത്രിയിൽ ഉപയോഗിക്കാൻ കേന്ദ്രസഹായത്തോടെ സംസ്ഥാനത്ത് നാലിടങ്ങളിൽ കൂറ്റൻ ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കും. 900 കോടി മുതൽ മുടക്കുള്ള പദ്ധതിയിൽ 270 കോടി കേന്ദ്രസഹായമാണ്. ബാക്കി കരാറുകാരായ എൻ എച്ച് പി സി വഹിക്കും. കെ എസ് ഇ ബിക്ക് ബാദ്ധ്യതയില്ല. അടുത്ത വർഷം വേനൽക്കാലത്തിന് മുൻപായി പദ്ധതി പൂർത്തിയാക്കും.

യൂണിറ്റിന് 4.61രൂപനിരക്കിൽ കെ എസ് ഇ ബിക്ക് വാങ്ങാം. ആലപ്പുഴയിലെ ശ്രീകണ്ഠാപുരത്തും തിരുവനന്തപുരത്തെ പോത്തൻകോടും മലപ്പുറത്തെ അരീക്കോടും കാസർകോട്ടെ മുള്ളേരിയയിലുമാണ് സ്ഥാപിക്കുന്നത്.

വൈകിട്ട് ആറ് മുതൽ രാത്രി 11വരെയുള്ള സമയത്ത് പുറമേനിന്ന് വൈദ്യുതി വാങ്ങാൻ യൂണിറ്റിന് 12രൂപവരെ കെ.എസ്.ഇ.ബി നൽകേണ്ടിവരുന്നുണ്ട്. ഇത്രയും വിലകൂടിയ വൈദ്യുതി പുരപ്പുറ സോളാർ ഉപഭോക്താക്കൾക്ക് പകരം വൈദ്യുതിയായി കുറഞ്ഞ വിലയ്ക്ക് നൽകുന്നത് നഷ്ടമായതിനാൽ അവർ സ്വന്തമായി ബാറ്ററി സ്റ്റോറേജ് സംവിധാനം ഒരുക്കണമെന്ന് കെ എസ് ഇ ബി നിലപാടെടുത്തിരുന്നു. ഇതിനു പരിഹാരമാണ് ഈ കേന്ദ്ര പദ്ധതി.

നാല് മണിക്കൂർ തുടർച്ചയായോ അല്ലാതെയോ വൈദ്യുതി ലഭ്യമാക്കാനാകുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത്. കമ്പനിയുമായി പന്ത്രണ്ടു വർഷത്തെ പ്രവർത്തന കരാർ. മുടക്കുമുതലും ലാഭവും ഇതിനകം കമ്പനി ലഭിക്കും. തുടർന്ന് കെ.എസ്.ഇ.ബിക്ക് വിട്ടുകൊടുക്കണം.

സ്റ്റോറേജ് കേന്ദ്രങ്ങളിൽ നിന്ന് 500മെഗാവാട്ട്

പകൽ സമയത്ത് കുറഞ്ഞ വിലയ്ക്ക് സുലഭമായ വൈദ്യുതി വൻശേഷിയുള്ള ബാറ്ററികളിൽ ശേഖരിച്ച്, വൈകുന്നേരത്തെ പീക്ക് മണിക്കൂറുകളിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ബെസ്സ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം.

#ഒരേസമയം 125 മെഗാവാട്ട് സംഭരിക്കാനും നാലുമണിക്കൂർ പ്രവർത്തനദൈർഘ്യമുള്ളതിനാൽ 500മെഗാവാട്ട് വിതരണം ചെയ്യാനും കഴിയുന്ന ബെസ്സ് ആണ് സ്ഥാപിക്കുന്നത്.

# 40 മെഗാവാട്ട്:

ആലപ്പുഴയിലെ ശ്രീകണ്ഠാപുരത്തും

തിരുവനന്തപുരത്തെ പോത്തൻകോടും

# 30മെഗാവാട്ട്:

മലപ്പുറത്തെ

അരീക്കോട്

15മെഗാവാട്ട്:

കാസർകോട്ടെ

മുള്ളേരിയയിൽ

കെ.എസ്.ഇ.ബിക്ക് ലാഭം

#പല സ്ലാബുകളിലായി ശരാശരി 5.68 രൂപയാണ് പൊതുജനങ്ങളിൽ നിന്ന് യൂണിറ്റിന് കെ.എസ്. ഇ.ബി ഈടാക്കുന്നത്.

#പുരപ്പുറ സോളാർ ഉത്പാദകർക്ക് യൂണിറ്റിന് 3.26 രൂപയാണ് കെ.എസ്.ഇ.ബി നൽകുന്നത്. അത് തുടർന്നുംനൽകും. സ്റ്റോറേജ് കമ്പനിയിൽ നിന്ന് 4.61രൂപയ്ക്ക് വാങ്ങും.

1425മെഗാവാട്ട്:

സംസ്ഥാനത്തെ പുരപ്പുറ

സോളാർ ഉത്പാദനം