വലയിൽ കുടുങ്ങിയത് മീനല്ല മൂർഖൻ, ബീച്ചിലെത്തിയ വിദേശികളെ അമ്പരപ്പിച്ച കാഴ്ച; പിന്നാലെ മറ്റൊന്നുകൂടി സംഭവിച്ചു

Sunday 17 August 2025 10:24 AM IST

വിഴിഞ്ഞം: തീരം കാണാനെത്തിയ വിദേശികൾക്ക് കൗതുകമായി വലയിൽ കുടുങ്ങിയ മൂർഖൻ പാമ്പ്. ഒരു രാത്രിയും ഒരു പകലും മത്സ്യബന്ധന വലയിൽ കുരുങ്ങി കിടക്കുകയായിരുന്നു മൂർഖൻ. കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് കരയിൽ കയറ്റി വച്ചിരുന്ന വള്ളത്തിലെ വലയിൽ മൂർഖൻ കുടുങ്ങിയത്. പുറത്തിറങ്ങാനാകാതെ പിടഞ്ഞ പാമ്പിനെ കണ്ട് നാട്ടുകാർ ഫയർഫോഴ്സിനെ അറിയിച്ചു. ഇവർ നിയമം പറഞ്ഞ് നിസഹായാവസ്ഥ അറിയിച്ചു.

ഒടുവിൽ വനം വകുപ്പിന്റെ സർപ്പ വിംഗിനെ അറിയിച്ചു. ഇവരുടെ നിർദ്ദേശപ്രകാരം സർപ്പ കോഴ്സ് പരിശീലനം നേടിയ ദീപു, സജീവ് എന്നിവർ ഇന്നലെ വൈകിട്ടോടെയെത്തി ഒരു മണിക്കൂറോളം ശ്രമപ്പെട്ട് വല കണ്ണികൾ ഓരോന്നായി ചെറിയ കത്തി ഉപയോഗിച്ച് സൂഷ്മതയോടെ മുറിച്ചു. മൂർഖനെ വലയിൽ നിന്ന് പുറത്തെടുത്തെങ്കിലും വായ്ക്ക് ചുറ്റും കുടുങ്ങിയ വല മാറ്റാൻ ധൈര്യമുണ്ടായില്ല. വലയിൽ കുടുങ്ങിയെങ്കിലും ആരോഗ്യവാനാണ് മൂർഖനെന്നും ഇര തേടി ഇറങ്ങിയപ്പോൾ വലയിൽ കുരുങ്ങിയതാകാമെന്നും പാമ്പ് പിടിച്ചയാൾ പറഞ്ഞു. മൂർഖനെ സർപ്പ വിംഗിന് കൈമാറി.