'വാങ്ക് ഉൾപ്പടെയുളളവയിൽ മൈക്ക് ഉപയോഗിക്കുമ്പോൾ മിതത്വം പാലിക്കണം'; അമിത ശബ്ദം ഒഴിവാക്കണമെന്ന് അബ്ദുൽ ഹക്കീം അസ്ഹരി
പ്രാർത്ഥനയുടെ ഭാഗമായുളള ബാങ്ക് ഉൾപ്പടെയുളളവയിൽ മൈക്ക് ഉപയോഗിക്കുമ്പോൾ മിതത്വം ആവശ്യമാണെന്ന് എസ്.വൈ.എസ്. ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ ഹക്കീം അസ്ഹരി. പ്രശ്‌നം ശബ്ദത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പൊതുവേദിയിൽ സംസാരിക്കുന്നതിനിടയിലായിരുന്നു അബ്ദുൽ ഹക്കീം അസ്ഹരി ഇത്തരത്തിൽ പ്രതികരിച്ചത്.
'വാങ്ക് ഉൾപ്പടെയുള്ളവയിൽ മൈക്ക് ഉപയോഗിക്കുമ്പോൾ മിതത്വം വേണം. വാങ്ക് ഉൾപ്പെടെ പ്രാർത്ഥന മന്ത്രങ്ങൾക്ക് അമിത ശബ്ദം ഒഴിവാക്കണം. ശബ്ദത്തിൽ മിതത്വം പാലിക്കണം. ദിക്ർ ആയാലും ബാങ്കുവിളി ആയാലും മിതമായ ശബ്ദത്തിൽ ആകണം. അത് കേൾക്കേണ്ട സ്ഥലത്ത് കേൾപ്പിക്കണം. ആരാധനാ കർമ്മങ്ങളിൽ അമിതമായ ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനം. മുസ്ലീങ്ങൾ മാത്രം താമസിക്കുന്ന മേഖലകളിൽ വർഷത്തിൽ ഒരിക്കൽ നടക്കുന്ന മൗലിദിൽ ആവശ്യമെങ്കിൽ ശബ്ദം പുറത്തേക്ക് കേൾപ്പിക്കാം. എന്നാൽ അത് നിത്യമായാൽ മുസ്ലീങ്ങൾക്കും പ്രയാസമാകും. അമുസ്ലീങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ പുറത്തേക്ക് കേൾപ്പിക്കരുത്'- അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു.
ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയ്ക്ക് ഒട്ടുമിക്കവരും അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. ഒരാൾ പ്രതികരിച്ചത് ഇങ്ങനെ, വാങ്കിന്റെ കാര്യത്തിലും പുനഃരാലോചന വേണം. സമയമറിയാൻ വാച്ചോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത കാലത്ത് സമയറിയാൻ എല്ലാവരും വാങ്കിനെ ആശ്രയിച്ചിരുന്നു. ഇന്ന് സാഹചര്യം മാറി ഓരോ വീടുകളിലും സമയമറിയാനും, അറിയിക്കാനും ധാരാളം മാർഗങ്ങളുണ്ട്. അതിനാൽ തന്നെ വലിയ ശബ്ദത്തിലുള്ള വാങ്കിന്റെ ആവശ്യമില്ല. സുബ്ഹി വാങ്കെല്ലാം അമിതമായ ശബ്ദത്തിൽ കൊടുക്കാൻ മതത്തിൽ കൽപനയില്ല.