സഞ്ജുവിനെ കൈയ്യോടെ കൊണ്ടു പോകാൻ കൊൽക്കത്ത നൈറ്റ് റൈ‌ഡേഴ്സ്, പകരം രണ്ട് താരങ്ങളെ തരാമെന്ന് ഓഫ‌ർ

Sunday 17 August 2025 11:09 AM IST

ജയ്‌പൂർ: സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ടീം വിട്ടേക്കുമെന്ന സംസാരം കേൾക്കാൻ തുടങ്ങിയിട്ട് നാളുകളായി. ചെന്നൈ സൂപ്പർ‌ കിംഗ്സിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇപ്പോഴിതാ സഞ്ജുവിനെ ചെന്നൈ സൂപ്പർ‌ കിംഗ്സ് ട്രേഡ് ചെയ്യുന്നതിൽ നിന്ന് പിൻമാറിയതോടെ താരത്തെ റാഞ്ചാൻ കൊൽക്കത്ത നൈറ്റ് റൈ‌ഡേഴ്സ് രംഗത്തെത്തിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ.

സഞ്ജുവിനെ ടീമിലെടുക്കാൻ കൊൽക്കത്തയുടെ അങ്ക്രിഷ് രഘുവംശിയെയൊ രമൺദീപ് സിംഗിനെയൊ രാജസ്ഥാനിലേക്ക് നൽകാൻ കൊൽക്കത്ത നൈറ്റ് റൈ‌ഡേഴ്സ് ആലോചിക്കുന്നുണ്ടെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ കൊൽക്കത്തയുടെ ഓഫറിനെക്കുറിച്ച് രാജസ്ഥാൻ റോയൽസ് ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. അതേസമയം സഞ്ജുവും ടീം മാറുന്നതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്കും താരം പലപ്പോഴായി ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്.

സഞ്ജു കൊൽക്കത്തയിലെത്തിയാൽ നിലവിലെ ക്യാപ്റ്റനായ അജിങ്ക്യ റഹാനെയും ടീമിൽ തുടരാനുള്ള സാദ്ധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ. ഐപിഎൽ കരിയറിന്റെ ആരംഭത്തിൽ സഞ്ജു കൊൽക്കത്തയിലുണ്ടായിരുന്നെങ്കിലും പ്ലേയിംഗ് ഇലവണിൽ പോലും അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. പിന്നീട് 2013ൽ രാജസ്ഥാനിലേക്ക് പോയതോടെയാണ് സഞ്ജുവിന്റെ കരിയർ തന്നെ മാറിമറിയുന്നത്.

ഏറെ നാളായി ടീമിന്റെ പ്രധാന താരമായി കളിച്ച അദ്ദേഹം പിന്നീട് ടീമിന്റെ ക്യാപ്റ്റനാവുകയും ചെയ്തു. മാത്രമല്ല രാജസ്ഥാനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ക്യാപ്റ്റനാവുകയും ഫ്രാഞ്ചൈസിക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കാർഡും സഞ്ജു സ്വന്തമാക്കി. 155 മത്സരങ്ങളിൽ നിന്ന് 4219 റൺസാണ് ഇതുവരെ അദ്ദേഹം നേടിയത്.