കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയൂട്ടിനിടെ ആന ഇടഞ്ഞു, കൂട്ടാനയെ കുത്താൻ ശ്രമം

Sunday 17 August 2025 1:11 PM IST

തൃശ്ശൂർ: ക്ഷേത്രത്തിൽ ആനയൂട്ടിന് എത്തിയ ആന ഇടഞ്ഞു. ത‌ൃശ്ശൂർ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇന്ന് രാവിലെയോടെയാണ് സംഭവം. പതിനൊന്ന് ആനകളാണ് ആനയൂട്ടിന് എത്തിയത്. ആനയൂട്ട് കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊട്ടിലായ്ക്കൽ ക്ഷേത്ര നടയിൽ തൊഴുന്നതിനിടെയാണ് കൊളക്കാടൻ കുട്ടികൃഷ്ണൻ എന്ന ആന അമ്പാടി മഹാദേവൻ എന്ന മറ്റൊരു ആനയെ കുത്താൻ ശ്രമിച്ചത്.

പെട്ടെന്ന് തന്നെ മറ്റ് ആനകളെ സ്ഥലത്ത് നിന്നും മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. ആർക്കും ഗുരുതര പരിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. ആനയെ പാപ്പാൻമാർ തന്നെയാണ് തളച്ചത്. ആന ഇടയുന്ന സമയത്ത് കൂടി നിന്ന ഭക്തർ ചിതറിയോടി. തലനാരിഴയ്ക്കാണ് ആനയുടെ കാലിനടിയിൽപ്പെടാതെ പാപ്പാൻമാർ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടത്. പാപ്പാൻമാരുടെ സമയോചിതമായ ഇടപെടലിനെ തുട‌ർന്ന് അധികം വൈകാതെ ആനകളെ തളയ്ക്കാൻ കഴിഞ്ഞു.

ത‌ൃശ്ശൂർ ജില്ലയിലെ നാലമ്പലങ്ങളിൽ പ്രശസ്തമാണ് ഇരിഞ്ഞാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രം.ചിങ്ങം ഒന്ന് പ്രണാമിച്ച് 11 ആനകളെയാണ് ഇവിടെ ആനയൂട്ടിനായി കൊണ്ടു വന്നത്. ഗണപതി ഭഗവാന് പ്രീതി നേടുന്നതിനും ഐശ്വര്യത്തിനും വേണ്ടിയാണ് പ്രധാനമായും ആനയൂട്ട് ചടങ്ങ് നടത്തുന്നത്. ആനകളെ അലങ്കാരങ്ങളൊന്നുമില്ലാതെയാണ് ചടങ്ങിൽ പങ്കെടുപ്പിക്കുക.