'വന്യമൃഗ ശല്യം തടഞ്ഞില്ലെങ്കില്‍ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യം'; ആര്യാടന്‍ ഷൗക്കത്ത് എംഎൽഎ

Sunday 17 August 2025 6:12 PM IST

നിലമ്പൂര്‍: വന്യമൃഗ ശല്യം തടഞ്ഞില്ലെങ്കില്‍ മണ്ണില്‍ പൊന്നുവിളയിച്ച മലയോര കര്‍ഷകര്‍ക്ക് കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമാണെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. വന്യമൃഗങ്ങളില്‍ നിന്നും കര്‍ഷകരുടെ ജീവനും കൃഷിക്കും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ സമഗ്ര പദ്ധതി കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. എടക്കര പഞ്ചായത്തിന്റെ കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നഷ്ടത്തിലായിട്ടും കൃഷി തുടരുന്ന കര്‍ഷകര്‍ വന്യമൃഗശല്യം കാരണം കൃഷി ഉപേക്ഷിച്ച് മലയോരത്തു നിന്നും കുടിയിറങ്ങേണ്ടി വരുന്ന പ്രതിസന്ധിയിലാണെന്നും വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി ജെയിംസ് ആദ്ധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരെ എം.എല്‍.എ ആദരിച്ചു. മികച്ച കര്‍ഷകരായ അലവി പുതിയകത്ത്, ബീവി ചെറുകര, കൃഷ്ണന്‍കുട്ടി ഉറുമ്പോലില്‍, മണി ഇല്ലിക്കല്‍, ജ്യോതി തോമസ്, ലയശ്രീ, സന്തോഷ് ഇറക്കല്‍, സിദ്ദിഖ് മൂര്‍ഖന്‍, അബ്ദുല്ല നാഗേരി എന്നിവരെയാണ് ആദരിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി മുഖ്യാതിഥിയായിരുന്നു. കൃഷി അസി. ഡയറക്ടര്‍ ബിജുല ബാലന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷക്കുട്ടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റഷീദ് വാളപ്ര, സോമന്‍ പാര്‍ലി, അനിജ സെബാസ്റ്റ്യന്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കബീര്‍ പനോളി, സിന്ധു പ്രകാശ്, ഫസിന്‍ മുജീബ്, പഞ്ചായത്തംഗം പി. മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.