ചെല്ലാനം പൊക്കാളി കൃഷി പ്രതിസന്ധി, കളക്ടറുടെ ചേംബറിൽ ചർച്ച ഇന്ന്

Monday 18 August 2025 12:49 AM IST
ചെല്ലാനം മറുവക്കാട് പാടശേഖരം

പള്ളുരുത്തി: പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാത്തതിനാൽ മറുവക്കാടിലെ പൊക്കാളി കൃഷി തുടങ്ങാൻ കഴിയാതെ പ്രതിസന്ധി തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറിൽ ഇന്ന് ചർച്ച നടക്കും.

പി.എൽ.ഡി.എ ഉത്തരവ് പ്രകാരം ഏപ്രിൽ 15നുള്ളിൽ നെൽവയലുകളിൽ നിന്ന് പൂർണമായും ഒഴിവാക്കപ്പെടേണ്ട ഉപ്പ് വെള്ളം നാല് മാസങ്ങൾക്ക് ശേഷവും ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമാണ്. ജില്ലാ കലക്ടർ ചെയർമാനായ പൊക്കാളി നില വികസന ഏജൻസിയുടെ ഉത്തരവ് ഇവിടെ നടപ്പാക്കാനാകുന്നില്ല. കഴിഞ്ഞ രണ്ടിന് മന്ത്രിയുടെ നിർദ്ദേശപ്രകാരം കലക്ടർ ചെല്ലാനം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയെങ്കിലും ഇതുവരെയും നടപടികൾ സ്വീകരിച്ചിട്ടില്ല . മറുവക്കാട് പാടശേഖര കർഷക യൂണിയൻ ഭാരവാഹികൾ വെള്ളം പമ്പ് ചെയ്തു കളയുന്ന മോട്ടോറുകളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചുകൊണ്ട് കഴിഞ്ഞ മാസം 21ന് കൃഷി ഓഫീസർക്ക് കത്ത് നൽകിയെങ്കിലും ശനിയാഴ്ചയാണ് കൃഷിവകുപ്പ് മോട്ടോർ പുരകളുടെ നിയന്ത്രണം ഏറ്റെടുത്തത്.

കാർഷിക കലണ്ടർ അനുസരിച്ച് ഏപ്രിൽ 15 മുതൽ നവംബർ 14 വരെയുള്ള ഏഴു മാസങ്ങൾ മാത്രമാണ് നെൽകൃഷിയുടെ കാലാവധി . ശേഷിക്കുന്ന അഞ്ചു മാസങ്ങളും മത്സ്യക്കൃഷിക്ക് വേണ്ടിയുള്ളതാണ്.

ചെല്ലാനം വില്ലേജ് ഓഫിസറുടെ അദ്ധ്യക്ഷതയിൽ എല്ലാ വ്യാഴാഴ്ചയും നിരീക്ഷണ സമിതി ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണമെന്നാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. സമിതി യോഗം കൂടുന്നതല്ലാതെ വയലുകളിൽ നിന്നും ഇപ്പോഴും വെള്ളം ഒഴിവാക്കിയിട്ടില്ല. കർഷകരുടെ ആശങ്ക ഇന്ന് കലക്ടർ വിളിച്ചിട്ടുള്ള യോഗത്തിൽ അവതരിപ്പിക്കുവാനാണ് തീരുമാനമെന്ന് വയൽ ഉടമകളായ ഫ്രാൻസിസ് കളത്തെങ്കിലും ചന്തു മഞ്ചാടിപറമ്പിലും അറിയിച്ചു .