'നിമിഷപ്രിയയുടെ കാര്യത്തില്‍ ഞങ്ങളുടെ ജോലി കഴിഞ്ഞു, ഇനി കാര്യങ്ങള്‍ ചെയ്യേണ്ടത് അവരാണ്'

Sunday 17 August 2025 7:26 PM IST

കോഴിക്കോട്: നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ മറികടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഇടപെടലുകളും അപ്പോഴത്തെ പുരോഗതികളും കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സൂഫി പണ്ഡിതന്‍മാരുടെ ഇടപെടലിനെ തുടര്‍ന്നാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം വഴങ്ങിയതെന്നാണ് കാന്തപുരം നേരത്തെ അറിയിച്ചത്.

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതോടെ ഞങ്ങളുടെ പണി കഴിഞ്ഞു. ഇനി ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ അത് ചെയ്യുമെന്നാണ് വിശ്വാസം. മാനവികത ഉയര്‍ത്തിപ്പിടിക്കലാണ് ലക്ഷ്യം. മുസ്ലിം- ഹിന്ദു - ക്രിസ്ത്യന്‍ എന്ന നോട്ടമില്ലാതെ മനുഷ്യത്വത്തിന് വില കല്‍പ്പിക്കണമെന്ന സന്ദേശം ലോകത്തിന് നല്‍കാനാണ് നിമിഷപ്രിയ വിഷയത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017ല്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തുകയും മൃതദേഹം കഷ്ണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചുവെന്നുമാണ് നിമിഷയ്‌ക്കെതിരെയുള്ള കേസ്. ഈ സംഭവത്തിലാണ് വിചാരണ കോടതി നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കിയാല്‍ മാത്രമേ മലയാളി യുവതിയുടെ മോചനം സാദ്ധ്യമാകുകയുള്ളൂ. എന്നാല്‍ പണം വേണ്ടെന്നും വധ ശിക്ഷ നടപ്പിലാക്കണമെന്നുമാണ് തലാലിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടത് .