സർവേയർമാരുടെ കുറവിൽ വലഞ്ഞ് ജനം

Monday 18 August 2025 12:41 AM IST

ആലത്തൂർ: ഭൂമി അളന്നുതിട്ടപ്പെടുത്താൻ അപേക്ഷിച്ചിട്ട് മാസങ്ങൾ കാത്തിരുന്ന് മടുത്ത് പൊതുജനം. താലൂക്ക് സർവേ ഓഫീസുകളിൽ സർവേയർമാരുടെ കുറവാണ് കാലതാമസത്തിന് പ്രധാനകാരണം. ഏഴ് താലൂക്കുകളിലായി 6,484 അപേക്ഷകളാണ് തീർപ്പു കാത്തുകിടക്കുന്നത്. ഇതിൽ ഒറ്റപ്പാലത്ത് 1,765ഉം ആലത്തൂരിൽ 1,670ഉം പാലക്കാട് 1,132ഉം അട്ടപ്പാടിയിൽ 235ഉം അപേക്ഷകളുണ്ട്. ബാക്കി അപേക്ഷകൾ പട്ടാമ്പി, ചിറ്റൂർ, മണ്ണാർക്കാട് താലൂക്കുകളിലാണ്.

താലൂക്ക് സർവേയറെക്കൂടാതെ രണ്ട് സർവേയർമാർകൂടിയുണ്ടെങ്കിലേ പ്രവർത്തനം സുഗമമാകൂ. 21 പേർ വേണ്ടിടത്ത് 12 പേർ മാത്രമാണുള്ളത്. താലൂക്ക് സർവേയർമാർക്കും ഹെഡ് സർവേയർമാർക്കും ഒന്നിലധികം താലൂക്കുകളുടെ അധികചുമതല നൽകിയാണ് കാര്യങ്ങൾ നടത്തുന്നത്. ജില്ലാ സർവേ ഓഫീസിൽനിന്ന് ജോലിക്രമീകരണത്തിലെത്തിയ സർവേയർമാരാണ് ബാക്കിയുള്ളത്. ഭൂമി അളന്ന് തർക്കങ്ങൾ പരിഹരിക്കലാണ് താലൂക്ക് സർവേ വിഭാഗത്തിന്റെ പ്രധാനചുമതല. റീസർവേ അപാകം, പോക്കുവരവ്, അതിർത്തികളുടെ നിർണയം, വനാതിർത്തിയിലെ സ്വകാര്യഭൂമിയുമായി ബന്ധപ്പെട്ട തർക്കം, സബ്ഡിവിഷൻ, ഡിജിറ്റൽ സർവേ, ഭൂരേഖാപരിപാലനം (എൽ.ആർ.എം) എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുകയും റിപ്പോർട്ടു നൽകുകയും ചെയ്യുന്നത് ഇവരാണ്.