ഐ.ബി.എമ്മിന്റെ പേരിൽ തൊഴിൽ തട്ടിപ്പ്
ഉദ്യോഗാർത്ഥിയുടെ മൂന്ന് ലക്ഷം പോയി
കൊച്ചി: ആഗോള ഐ.ടി കമ്പനിയായ ഐ.ബി.എം ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥിയിൽ നിന്നും പണം തട്ടി. എളമക്കര സ്വദേശിയായ 27കാരനാണ് തട്ടിപ്പിന് ഇരയായത്. മൂന്നുലക്ഷം രൂപ നഷ്ടപ്പെട്ടു. ഉദ്യോഗാർത്ഥിയുടെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരം പൊലീസ് കേസെടുത്തു. എറണാകുളം വെണ്ണല സ്വദേശിക്കും ബംഗളൂരു സ്വദേശിക്കും എതിരെയാണ് അന്വേഷണം.
ഐ.ബി.എം ഇന്ത്യയുടെ ബംഗളൂരുവിലെ കമ്പനിയിൽ അസിസ്റ്റന്റ് ഓഫീസർ (എ.ഒ) ജോലിയാണ് പ്രതികൾ വാഗ്ദാനം ചെയ്തത്. ഏപ്രിൽ മൂന്നിനായിരുന്നു തട്ടിപ്പിന്റെ തുടക്കം. മൂന്ന് ലക്ഷം രൂപയിൽ 2.5 ലക്ഷം അക്കൗണ്ടിലൂടെയും 25000 രൂപ നേരിട്ടും പ്രതികൾ കൈപ്പറ്റി. തുടർന്ന് ഐ.ബി.എമ്മിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പെന്ന് തോന്നിപ്പിക്കുന്ന ഗ്രൂപ്പിൽ നിന്ന് വ്യാജ എംപ്ലോയ്‌മെന്റ് കോൺട്രാക്ട് അയച്ചു കൊടുത്തു.
ജോലി ലഭിച്ചെന്ന് യുവാവ് കരുതി. പിന്നാലെ ഐ.ബി.എം ഇന്ത്യയിൽ ഓഫീസ് അസിസ്റ്റന്റ് പദവിയിലേക്കുള്ള വ്യാജ ഐ.ഡി കാർഡ് തപാൽ വഴി എത്തി. ഇതുമായി ഐ.ബി.എമ്മിന്റെ ബംഗളൂരു ഓഫീസിൽ എത്തിയപ്പോഴാണ് എംപ്ലോയ്‌മെന്റ് കോൺട്രാക്ടും ഐ.ഡി കാർഡും വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.
പരാതിയുമായി കോടതിയിൽ
പൊലീസിന് പരാതി നൽകിയെങ്കിലും ആദ്യം കേസ് എടുത്തിരുന്നില്ല. തുടർന്ന് 27കാരൻ കോടതിയെ സമീപിച്ചു. വിശദമൊഴി ഉടൻ രേഖപ്പെടുത്തും. ശേഷം അന്വേഷണം തുടങ്ങും. വ്യാജ ഗ്രൂപ്പുകളും തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമ്മിച്ചതും കണക്കിലാക്കുമ്പോൾ പ്രതികൾ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നു.
പ്രതികളുടെ പേരുവിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ വൈകാതെ ചോദ്യംചെയ്യും. വിശദമായ തെളിവുശേഖരണത്തിന് ശേഷമായിരിക്കും അറസ്റ്റിലേക്ക് നീങ്ങുക.