മറുപടി പറയേണ്ടത് തിര. കമ്മിഷൻ: സുരേഷ് ഗോപി, കുറച്ച് വാനരന്മാർ ഇറങ്ങിയല്ലോ എന്നും പരിഹാസം

Monday 18 August 2025 12:00 AM IST

തൃശൂർ: വോട്ടർപ്പട്ടിക വിവാദത്തിൽ മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഞാൻ മന്ത്രിയാണ്. ആ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. ഉന്നയിച്ച വിഷയങ്ങൾക്ക് ചീഫ് ഇലക്ഷൻ കമ്മിഷനാണ് മറുപടി പറയേണ്ടത്.

ചോദ്യങ്ങൾ കൂടുതലുണ്ടെങ്കിൽ അവരോട് ചോദിക്കാം. അല്ലെങ്കിൽ കേസ് സുപ്രീംകോടതിയിൽ എത്തുമ്പോൾ ചോദിക്കാം.

''ഇവിടെ കുറച്ച് വാനരന്മാർ ഇറങ്ങിയല്ലോ ഉന്നയിക്കലുമായി. അവരോട് അവിടെപോയി ചോദിക്കാൻ പറയൂ. അക്കരെയായാലും ഇക്കരെയായാലും''. തൃശൂരിലെ വോട്ടർപ്പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണമുന്നയിച്ച കോൺഗ്രസ് നേതാവ് അനിൽ അക്കര അടക്കമുള്ളവരെ പരോക്ഷമായി പരാമർശിച്ച് സുരേഷ് ഗോപി പറഞ്ഞു.

ശക്തൻ തമ്പുരാന്റെ പ്രതിമയിൽ മാല ചാർത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിവാദങ്ങളിൽ ആദ്യമായാണ് സുരേഷ് ഗോപി പ്രതികരിക്കുന്നത്. ''ശക്തൻ പ്രതിമയിൽ മാലയർപ്പിക്കാൻ ഹൃദയം പറഞ്ഞു, ചെയ്തു. ശക്തന്റെ ആ ശക്തി തിരിച്ച് തൃശൂരിന് ലഭിക്കണം. അതിനായുള്ള ആദ്യസമർപ്പണം നടത്തി. ശക്തൻ തമ്പുരാന്റെ ആത്മാവ് ഉൾക്കൊണ്ട് പ്രവർത്തനം നടത്തും. ശക്തൻ തമ്പുരാൻ ശക്തനായ ഭരണാധികാരിയായിരുന്നു. ആ ശക്തനെ തിരിച്ചു പിടിക്കും''- സുരേഷ് ഗോപി പറഞ്ഞു.

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, മേഖല പ്രസിഡന്റ് എ.നാഗേഷ്, സിറ്റി ജില്ലാ അദ്ധ്യക്ഷൻ ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ.ഹരി തുടങ്ങിയവരും കേന്ദ്രമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.