5 ലക്ഷം രൂപ ശമ്പളം ഉപേക്ഷിച്ച് ഭിന്നശേഷി കുട്ടികൾക്കായി ജീവിതം
കാസർകോട്: അമേരിക്കയിലെ കാലിഫോർണിയയിൽ നാലുകൊല്ലം സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റായിരുന്ന എലിസബത്ത് പി. പോളിന് ലഭിച്ചിരുന്നത് പ്രതിമാസം അഞ്ചുലക്ഷം രൂപ ശമ്പളം. അതുകൊണ്ട് ആഡംബര ജീവിതം നയിക്കാമായിരുന്ന എലിസബത്തിനെ കാത്തിരുന്നത് മറ്റൊരു നിയോഗം. കേരളത്തിൽ ഭിന്നശേഷി കുട്ടികളുടെ പരിചരണം ഏറ്റെടുത്ത എലിസബത്ത് അമേരിക്കയിലെ ജോലി ഉപേക്ഷിച്ചു.
കാസർകോട്ടെ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ അക്കര മുഹമ്മദ് അബ്ദുൾ അസീസ് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 2018 മുതൽ നടത്തുന്ന കാസർകോട്ടെ സ്ഥാപനത്തിലെ ടെക്നിക്കൽ മേധാവിയാണ് 30കാരിയായ എലിസബത്ത്. കുടുംബത്തിലെ ഭിന്നശേഷിക്കാരനായ ഒരു കുട്ടിക്ക് ചികിത്സ കിട്ടാതെ പ്രയാസപ്പെട്ടപ്പോൾ സമാന രീതിയുള്ള മറ്റു കുട്ടികളുടെ ചികിത്സയ്ക്കും ക്ഷേമത്തിനുമായാണ് മുഹമ്മദ് അബ്ദുൾ അസീസ് കാസർകോട് മുളിയാറിൽ അക്കര ഫൗണ്ടേഷൻ എന്ന സ്ഥാപനം തുടങ്ങിയത്. 250 കുട്ടികളാണ് ഇവിടെയുള്ളത്.
പാലക്കാട് നെന്മാറയിലെ ജീവകാരുണ്യ പ്രവർത്തകൻ ബെന്നി എസ്തപ്പാന്റെയും ജെസിയുടെയും മകളാണ് എലിസബത്ത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷം കണ്ണൂർ ചെറുപുഴ സ്വദേശിയായ ഡോ. ജിനിൽ രാജുമായുള്ള വിവാഹം കഴിഞ്ഞ വർഷമായിരുന്നു. ജിനിൽ രാജ് അക്കര ഫൗണ്ടേഷനിലെ ക്ലിനിക്കൽ ഡയറക്ടറാണ്. എലിസബത്തിന്റെ അനുജത്തി വിക്ടോറിയ പി.പോളും ഇതേമേഖലയിൽ എറണാകുളത്ത് സ്‌പെഷ്യൽ എഡ്യുക്കേറ്റർ ആണ്.
വഴിത്തിരിവായി
മംഗളൂരുവിലെ പഠനം
അമേരിക്കയിൽ അവിടത്തെ കുട്ടികളുമൊത്ത് കഴിയുമ്പോഴും നാട്ടിലെ ഭിന്നശേഷി കുട്ടികളുടെ മുഖമായിരുന്നു എലിസബത്തിന്റെ മനസിൽ. അപ്പോഴാണ് മുഹമ്മദ് അബ്ദുൾ അസീസ് തന്റെ സ്ഥാപനത്തിലേക്ക് ക്ഷണിച്ചത്. മംഗളൂരുവിലെ കോളേജിൽ പഠിക്കുമ്പോൾ, കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിലെ കുട്ടികളെ സന്ദർശിച്ചിരുന്നു. അവിടെവച്ച് അക്കര ഫൗണ്ടേഷൻ സി.ഇ.ഒ മുഹമ്മദ് യാസിറിനെ കണ്ടതോടെയാണ് ഈ സ്ഥാപനത്തിലേക്ക് എലിസബത്തിന് എത്താൻ വഴിതുറന്നത്.
''ഒരാളെ ഒരു ദിവസം സഹായിക്കാൻ കഴിഞ്ഞല്ലോ എന്നതിലാണ് ഞാൻ സന്തോഷിക്കുന്നത്. ഒരു കുട്ടി അമ്മേ എന്ന് വിളിക്കുന്ന ആദ്യവാക്ക് കേൾക്കുക, ആദ്യ ചുവടുറപ്പിക്കൽ കാണുക എന്നതെല്ലാം ജീവിതത്തിൽ വലിയ കാര്യമാണ്
-എലിസബത്ത് പി. പോൾ