ആ പരാതിക്കത്തിൽ രാഷ്ട്രീയം കത്തുന്നു, സാമ്പത്തിക ഇടപാടിൽ സി.പി.എം സംശയനിഴലിൽ
തിരുവനന്തപുരം: പത്തനംതിട്ട സ്വദേശിയും എസ്.എഫ്.ഐ മുൻ ജില്ലാ ഭാരവാഹിയുമായിരുന്ന ലണ്ടനിലെ വ്യവസായി രാജേഷ് കൃഷ്ണയ്ക്ക് സംസ്ഥാന മന്ത്രിമാരുൾപ്പെടെയുള്ളവരുമായുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂ ർ സ്വദേശിയും ചെന്നൈയിലെ വ്യവസായിയുമായ മുഹമ്മദ് ഷർഷാദ് 2021ൽ പി.ബിക്ക് നൽകിയ പരാതികത്ത് ചോർന്നത് രാഷ്ട്രീയ വിവാദമായി.
ആരോപണ വിധേയനും പരാതിക്കാരനും പാർട്ടിക്ക് വേണ്ടപ്പെട്ടവരും മുൻ പ്രവർത്തരുമാണ്.
പ്രതിപക്ഷം സർക്കാരിനും സി.പി.എമ്മിനും എതിരെ ആക്രമണം കടുപ്പിച്ചു.
അടുത്തിടെ മധുരയിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ പ്രതിനിധിയായി എത്തുകയും പങ്കെടുപ്പിക്കാത്തതിനാൽ ൽ തിരിച്ചു പോകേണ്ടിയും വന്ന രാജേഷ് കൃഷ്ണ ഇക്കാര്യം റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾക്കെതിരെ കൊടുത്ത മാനനഷ്ടക്കേസിൽ രേഖയായി കത്ത് ഉൾപ്പെടുത്തിയതാണ് പാർട്ടിക്ക് നാണക്കേടായത്.
മാദ്ധ്യമങ്ങൾക്ക് അയച്ച നോട്ടീസിൽ ഡൽഹി ഹൈക്കോടതി കത്ത് ഉൾപ്പെടുത്തുകയും ചെയ്തതോടെ നിഷേധിക്കാൻ കഴിയാതായി.
കത്ത് ചോർന്നതിനെതിരെ സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബിക്ക് കഴിഞ്ഞ ദിവസം ഷെർഷാദ് പരാതി നൽകി.
രാജേഷ് കൃഷ്ണ മധുരയിൽ പ്രതിനിധിയായി എത്തുമെന്ന് അറിഞ്ഞ മുഹമ്മദ് ഷർഷാദ് വിഷയം തമിഴ്നാട്ടിലെ നേതാക്കൾവഴി പി.ബി. അംഗമായ അശോക് ധാവ്ളെയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതോടെയാണ് തിരിച്ചയച്ചത്. വിദേശത്തെ ചില കടലാസ് സ്ഥാപനങ്ങളുമായി ചേർന്ന് സർക്കാർ പദ്ധതികളിൽ നിന്ന് പണം തട്ടുകയും ചെന്നൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനിവഴി ഈ പണം നേതാക്കളുടെയും മന്ത്രിമാരുടെയും അക്കൗണ്ടുകളിലേക്ക് എത്തിക്കുകയും ചെയ്തു എന്നാണ് ആക്ഷേപം.
ഗോവിന്ദന്റെ മകൻ കത്ത്
ചോർത്തിയെന്ന് ഷെർഷാദ്
(കണ്ണൂരിൽ ഇന്നലെ ഉന്നയിച്ച ആരോപണങ്ങൾ)
# പൊളിറ്റ് ബ്യൂറോയ്ക്ക് നൽകിയ കത്ത് ചോർത്തിയത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത്.
#കൊല്ലത്തെ കടൽകായൽ ശുചീകരണ പദ്ധതിയിൽ 'കിങ്ഡം' എന്ന പേരിൽ ഒരു കടലാസ് കമ്പനി ഉണ്ടാക്കി രാജേഷ് കൃഷ്ണ പണം തട്ടി.
#പദ്ധതിക്കായി ലഭിച്ച തുകയിൽ മൂന്നിലൊന്ന് മാത്രമാണ് യഥാർത്ഥ പ്രവർത്തനത്തിനായി ഉപയോഗിച്ചത്. ബാക്കിയെല്ലാം വകമാറ്റി
#2021ൽ കോടിയേരി ബാലകൃഷ്ണന് രാജേഷ് കൃഷ്ണയെക്കുറിച്ച് പരാതി നൽകി. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ മാറ്റിനിർത്തി,
ഗോവിന്ദൻ നേതൃത്വത്തിൽ വന്നതോടെ തിരിച്ചെത്തി.
# എം.വി. ഗോവിന്ദൻ ലണ്ടൻ സന്ദർശിച്ചപ്പോൾ രാജേഷ് കൃഷ്ണയുടെ വീട് സന്ദർശിച്ചതിനെതിരെ അദ്ദേഹത്തോട് പരാതി പറഞ്ഞെങ്കിലും അവഗണിച്ചു. # പി.ബിയ്ക്ക് നൽകിയ രഹസ്യപരാതി എങ്ങനെ രാജേഷ് കൃഷ്ണയ്ക്ക് കിട്ടിയെന്ന് ചോദിച്ച് എം.വി ഗോവിന്ദന് ഇമെയിൽ വഴി പരാതി നൽകി #ശ്യാംജിത്തും രാജേഷ് കൃഷ്ണയും തമ്മിൽ വർഷങ്ങളുടെ ബന്ധമുണ്ടെന്നും എം.വി. ഗോവിന്ദൻ സെക്രട്ടറിയാകുന്നതിന് മുൻപേ അവർ തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു
# മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി രാജേഷ് കൃഷ്ണയ്ക്കുവേണ്ടി ഇടപെട്ടു. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി തഴയപ്പെട്ടു. # രാജേഷ് കൃഷ്ണയ്‌ക്കെതിരെ യു.കെയിലെ മലയാളികൾ മുഖേന ലഭിച്ച തെളിവുകൾ കൈവശമുണ്ട്. രാജേഷ് കൃഷ്ണയുടെ ബാങ്ക് അക്കൗണ്ടിലെ കോടികളുടെ ഇടപാടുകൾ പരിശോധിക്കണം.
ആരോപണ വിധേയനും പരാതിക്കാരനും പാർട്ടി ബന്ധുക്കൾ
തിരുവനന്തപുരം: സി.പി.എം പി.ബിക്ക് ലഭിച്ച പരാതി ചോർന്ന വിവാദത്തിൽ ആരോപണവിധേയനും പരാതിക്കാരനും പാർട്ടി ബന്ധുക്കളും മുമ്പ് സൗഹൃദമുണ്ടായിരുന്നവരും. പരാതി നൽകിയ മുഹമ്മദ്ഷർഷാദ് 1990 കളിൽ കണ്ണൂരിലെ ന്യൂമാഹിയിൽ ഉൾപ്പെട്ട പെരിങ്ങാടി സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡി.വൈ.എഫ് ഐ ഭാരവവാഹിയുമായിരുന്നു. 1999 ലാണ് ബിസനസുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് ചേക്കേറുന്നത്. ഇപ്പോഴും പാർട്ടി നേതാക്കളുമായുള്ള അടുപ്പം സൂക്ഷിക്കുന്നു. പത്തനംതിട്ട ജില്ലയിലെ പ്രക്കാനം സ്വദേശിയായ രാജേഷ് കൃഷ്ണ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ജില്ലയിലെ മുതിർന്ന സി.പി.എം നേതാവിന്റെ അടുത്ത ബന്ധുവുമാണ്. തുടർപഠനത്തിന് ലണ്ടനിലേക്ക് പോയി. പിന്നീട് ബിസിനസിലേക്ക് തിരിഞ്ഞു. 2016-ന് ശേഷം രാജേഷിന് വലിയ വളർച്ച ഉണ്ടായെന്നാണ് ഷർഷാദ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംഘടിപ്പിച്ച ലോക കേരള സഭയിൽ രാജേഷ് എത്തിയിരുന്നു. സി.പി.എമ്മുമായി ബന്ധപ്പെട്ട് ലണ്ടനിൽ പ്രവർത്തിക്കുന്ന സംഘടനയുടെ ഭാരവാഹി എന്ന നിലയ്ക്കാണ് രാജേഷ് മധുരയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയത്.
സി.പി.എമ്മും മുഖ്യമന്ത്രിയും മറുപടി പറയണം: സതീശൻ
കൊച്ചി: സി.പി.എം നേതാക്കൾ ഉൾപ്പെട്ട സംഘം സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ടും റിവേഴ്സ് ഹവാല ഇടപാടുകൾ നടത്തിയെന്ന വെളിപ്പെടുത്തലിൽ പാർട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കടലാസ് കമ്പനി നടത്തിയ തട്ടിപ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്റെ പങ്കെന്താണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു. ചെന്നൈയിലെ മലയാളി വ്യവസായി സി.പി.എം പി.ബിക്കും സംസ്ഥാന കമ്മിറ്റിക്കും നൽകിയ കത്ത് ഡൽഹി ഹൈക്കോടതിയിലെ കേസിലെ ഔദ്യോഗിക രേഖയാണ്. ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ കത്തിലൂടെ പുറത്തുവന്നു. സി.പി.എം നേതാക്കളും പ്രധാനപ്പെട്ട നേതാവിന്റെ കുടുംബാംഗവും ഉൾപ്പെടെ സാമ്പത്തിക ഇടപാടിന്റെ ഭാഗമാണെന്നാണ് കത്തിൽ പറയുന്നത്. കിംഗ്ഡം സെക്യൂരിറ്റി സർവീസ് എന്ന കമ്പനി രൂപീകരിച്ച് കോടിക്കണക്കിന് രൂപ കേരളത്തിലെ സി.പി.എം നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നതാണ് ആരോപണം. സി.പി.എമ്മിന്റെ ആരും കാണാത്ത മുഖമാണിത്. പി.ബിക്ക് നൽകിയ കത്ത് സംസ്ഥാന നേതൃത്വം ഉൾപ്പെടെ മൂടിവച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനാണ് കത്ത് പുറത്തു വിട്ടതെന്നാണ് പരാതിയിൽ പറയുന്നത്. പാർട്ടി സെക്രട്ടറിയുടെ മകന് സാമ്പത്തിക ഇടപാടിലെ പങ്കുൾപ്പെടെ ദുരൂഹതകൾ പാർട്ടിയോ മുഖ്യമന്ത്രിയോ വെളിപ്പെടുത്തണം. മുഖ്യമന്ത്രി വഴിവിട്ട് സ്വജനപക്ഷപാതം കാട്ടി എ.ഡി.ജി.പിയെ രക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചെന്നാണ് വിജിലൻസ് കോടതി വിധിയിലുള്ളത്. സാമ്പത്തിക തട്ടിപ്പുമായും അദൃശ്യശക്തികൾക്ക് ബന്ധമുണ്ട്. പൊലീസ് ഉദ്യോഗസ്ഥൻ ചെയ്യാൻ പാടില്ലാത്ത വഴിവിട്ട കാര്യങ്ങളാണ് മുഖ്യമന്തിക്ക് വേണ്ടി എ.ഡി.ജി.പി ചെയ്തത്. നേരിട്ടുള്ള പരാമർശം പിണറായിക്കെതിരെ കോടതി നടത്തിയിട്ടും മിണ്ടാട്ടം പോലും അദ്ദേഹത്തിനില്ലെന്ന് സതീശൻ പറഞ്ഞു.
സി.പി.എമ്മിൽ പലതും ചീഞ്ഞുനാറുന്നു:സണ്ണി ജോസഫ്
കണ്ണൂർ: സി.പി.എം. പി.ബിക്ക് നൽകുന്ന പരാതി തന്നെ പരസ്യമാകുന്ന സാഹചര്യം ഉണ്ടായത് സി.പി.എമ്മിൽ പലതും ചീഞ്ഞുനാറുന്നതിന്റെ ഭാഗമാണെന്ന് കെ.പി.സി.സി. അദ്ധ്യക്ഷൻ സണ്ണി ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പാർട്ടി നേതാക്കൾ മലയാളി പ്രവാസി വ്യവസായിയുമായി നടത്തിയ പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പുറത്തുവന്നത്. സംസ്ഥാന സെക്രട്ടറിയെ കുറിച്ചും പരാതി ഉയർന്നിരിക്കുകയാണ്. കത്തിലെ പരാതി സി.പി.എമ്മിന്റെ പാർട്ടികാര്യങ്ങൾ സംബന്ധിച്ച ആക്ഷേപം മാത്രമല്ലെന്നാണ് മാദ്ധ്യമ വാർത്തകളിൽ നിന്ന് അറിയാൻ സാധിച്ചത്. സർക്കാർ പദ്ധതിയിൽ നിന്ന് വലിയ തുക സി.പി.എം നേതാക്കൾക്കും അവരുടെ നിയന്ത്രണത്തിലുള്ളവർക്കും വേണ്ടി വകമാറ്റി ചെലവാക്കിയെന്നതാണ് ആക്ഷേപം. അത് ഗൗരവമുള്ളതാണ്. സർക്കാർ അന്വേഷണത്തിന് തയ്യാറാകണം. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും സിപിഎം നേതാക്കൾ സംശയത്തിന്റെ നിഴലിലാണെന്നും സണ്ണി ജോസഫ് പറഞ്ഞു.