സ്ഥിര വി.സി നിയമനം:സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Monday 18 August 2025 12:00 AM IST

ന്യൂഡൽഹി:ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ സ്ഥിര വി.സി നിയമന വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഉത്തരവിട്ടേക്കും.ഗവർണറും സർക്കാരും തമ്മിൽ സമവായമുണ്ടാകാത്ത സാഹചര്യത്തിൽ ഓരോ സർവകലാശാലയിലേക്കും അഞ്ചംഗ സെർച്ച് കമ്മിറ്റി സ്വന്തം നിലയിൽ രൂപീകരിക്കാൻ ജസ്റ്റിസുമാരായ ജെ.ബി.പർദിവാല,ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചിരുന്നു.നാലുപേരുടെ പേരുകൾ വീതം കൈമാറാൻ ഗവർണർക്കും സർക്കാരിനും നിർദ്ദേശം നൽകി.കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ട സർക്കാർ-യു.ജി.സി പ്രതിനിധികളെയടക്കം ഉൾപ്പെടുത്തിയ പട്ടിക,ഗവർണർ ഇന്ന് കോടതിക്ക് കൈമാറിയേക്കും.ഐ.ഐ.ടികളിലുള്ള ഉന്നത വിദ്യാഭ്യാസ വിദഗ്ദ്ധരെ സെർച്ച് കമ്മിറ്റിയിലേക്ക് കൊണ്ടുവരാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തീരുമാനിച്ചുവെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരാകുന്ന അറ്റോർണി ജനറൽ ആർ.വെങ്കട്ടരമണി കോടതിയെ അറിയിച്ചിരുന്നു.പട്ടികയിലുള്ളവർ സന്നദ്ധരാണോയെന്ന് സ്ഥിരീകരിക്കാനാണ് ഇന്ന് വരെ കോടതി സമയം നൽകിയത്.പേരുകൾ അറ്റോർണി ജനറലിന് കൈമാറാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.10 പേരുടെ പട്ടികയാണ് സർക്കാർ തയാറാക്കിയത്.അഞ്ചംഗ കമ്മിറ്റിയിൽ ഒരാൾ യു.ജി.സി നോമിനേറ്റ് ചെയ്യുന്ന വ്യക്തിയായിരിക്കും.ഇവയെല്ലാം സംയോജിപ്പിക്കാൻ അറ്റോർണി ജനറലിനെ ചുമതലപ്പെടുത്തുകയായിരുന്നു.