ബിനാമി ഇടപാടും അഴിമതിയും ; പി.പി ദിവ്യക്കെതിരെ ഹൈക്കോടതിയിൽ പരാതി

Monday 18 August 2025 12:00 AM IST

കണ്ണൂർ: പി.പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയ അഴിമതിയും ബിനാമി സ്വത്തിടപാടുകളും സംബന്ധിച്ച അന്വേഷണം വിജിലൻസിന് നൽകിയിട്ടും നടപടിയില്ലെന്ന് പരാതി.

ആറുമാസമായിട്ടും പരാതിക്കാരന്റെ മൊഴി പോലും എടുക്കാതെ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഹൈക്കോടതിയിൽ ഹർജി നൽകി.

ദിവ്യയുടെ ഭർത്താവിന്റെ പേരിലുൾപ്പെടെ ബിനാമി ഭൂമികൾ വാങ്ങിയതിന്റെ രേഖകളും തെളിവുകളും സഹിതമാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. പരാതിയിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ നിർദ്ദേശിച്ച മുൻ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയെ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റുകയും ഡി.ജി.പി നിയമനത്തിൽ നിന്ന് ഉൾപ്പെടെ തഴയുകയും ചെയ്തിരുന്നുവെന്നും എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും പി.പി ദിവ്യയുടെയും ചില ഉന്നത സി.പി.എം നേതാക്കളുടെയും അഴിമതിയുടെ മുഖം തുറന്നു കാട്ടുമെന്നും ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടുമെന്നും മുഹമ്മദ് ഷമ്മാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അഭിഭാഷകൻ അഡ്വ. ബൈജു നോയൽ മുഖേനെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.