നാടിന് മാതൃകയായി കർഷക കൂട്ടായ്മ
നീലേശ്വരം: ഒരു പറ്റം കർഷകരുടെ കൂട്ടായ്മ നാടിന് മാതൃകയാവുന്നു. 6 വർഷമായി കാസർകോട്, കണ്ണൂർ ജില്ലയിലായി കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനായി പ്രവർത്തിക്കുന്ന 700ഓളം കർഷകർ ചേർന്നുള്ള കൂട്ടായ്മയാണ് കൃഷിക്കും മണ്ണിനും ഒരേ പോലെ അനുഗ്രഹമാകുന്നത്.
കൊറോണക്കാലത്ത് അന്യ സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറിയും ഭക്ഷ്യ വസ്തുക്കളും കിട്ടാതായപ്പോൾ കിനാനൂർ കരിന്തളം പഞ്ചായത്തിലെ കോളംകുളത്തെ യുവാക്കളായ പൊലീസ് ഉദ്യോഗസ്ഥൻ ഹരീഷ് കോളംകുളവും കർഷകനായ എം.പി സുരേഷ് കൂടോലും ചേർന്ന് കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും നാടൻ വിത്തുകൾ എത്തിക്കാനും കർഷകർക്കാവിശ്യമായ വസ്തുക്കളും ലഭ്യമാക്കാനായാണ് കൂട്ടായ്മ നിലവിൽ വന്നത്. ബിരിക്കുളത്തെ ജോസ് തുരുത്തേൽ, പ്രമോദ് ഒട്ടിൽ, നാസർ പാറപ്പള്ളി തുടങ്ങിയവരായിരുന്നു നേതൃനിരയിൽ. ഇന്നത് അദ്ധ്യാപകരും പൊലീസ് ഉദ്യോഗസ്ഥരും കർഷകരും, ഡോക്ടർമാരും വ്യാപാരികളും അടക്കം പതിനഞ്ചോളം വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരായ കർഷകരുടെ നേതൃത്വത്തിൽ കാർഷിക മേഖലയിൽ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തി മുന്നോട്ടു പോവുകയാണ് കൂട്ടായ്മ.
അന്യം നിന്നും പോകുന്ന വിത്തുകൾ എത്തിക്കാനായി ജോസ് ബിരിക്കുളത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അപ്പൂപ്പൻ താടി എന്ന കൂട്ടായ്മ, വിത്ത് ബാങ്ക് വഴി കേരളത്തിലെ വിവിധ മേഖലയിലെ കർഷകർക്കു വിത്ത് അയച്ചു കൊടുക്കാറും ഉണ്ട്. അന്യം നിന്നും പോയ ഒട്ടനവധി പച്ചക്കറികളും പഴവർഗ്ഗങ്ങളും ഗ്രൂപ്പ് വഴി സംരക്ഷിക്കപ്പെടുന്നുണ്ട്. അടതാപ്പ്, ആകാശ വെള്ളരി, വിവിധ ഇനം തുളസികൾ, ചേമ്പുകൾ, മഞ്ഞൾ, ഔഷധ സസ്യങ്ങൾ, കാച്ചിൽ, നെൽവിത്തുകൾ, കക്കിരി, കുമ്പളം തുടങ്ങി ഒട്ടനവധി സസ്യ ജാലങ്ങൾ സംരക്ഷിച്ചു പോരുന്നു. കാർഷിക പ്രവർത്തനങ്ങൾക്കൊപ്പം ഒട്ടനവധി കാരുണ്യ പ്രവൃത്തികളും കൂട്ടായ്മ ചെയ്തു വരുന്നുണ്ട്.
നിലവിൽ 700ഓളം കർഷകർ
നിലവിൽ 700ഓളം കർഷകരാണ് കൂട്ടായ്മയിൽ ഉള്ളത്. വർഷം തോറും രണ്ടോ മൂന്നോ കാർഷിക സംഗമം കർഷകരുടെ വീടുകളിൽ നടക്കുകയും അതിൽ വിത്തുകളുടെ പ്രദർശനവും ക്ലാസുകളും നടത്തുകയും ചെയ്യുന്നു. കൂടാതെ നാട്ടിൻപുറത്തെ മൺമറഞ്ഞുപോകുന്ന സസ്യജാലങ്ങളെ കുറിച്ചും കാർഷിക ഉത്സവങ്ങളെ പറ്റിയും ചർച്ചകളും ക്ലാസുകളും നടത്തുന്നുമുണ്ട്.