വിപണിയിലെ അനിശ്ചിതത്വത്തിൽ കർഷകർക്ക് ആശങ്ക:മുഖ്യമന്ത്രി

Monday 18 August 2025 12:07 AM IST

തൃശൂർ:കാലാവസ്ഥയ്ക്കപ്പുറം വിപണി സൃഷ്ടിക്കുന്ന അനിശ്ചിതത്വവും കർഷകർക്ക് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ചിങ്ങം ഒന്നിന് തൃശൂരിൽ നടന്ന സംസ്ഥാനതല കർഷകദിനാഘോഷം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വെല്ലുവിളി നേരിടാൻ കർഷകരെ പ്രാപ്തരാക്കേണ്ടതും സഹായിക്കേണ്ടതും സർക്കാരിന്റെ ബാദ്ധ്യതയാണ്.കർഷകരെ സ്വയംപര്യാപ്തരാക്കുകയും വരുമാനം 50 ശതമാനമെങ്കിലും വർദ്ധിപ്പിക്കുകയുമാണ് സർക്കാർ ലക്ഷ്യം.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ദേശീയ കാർഷിക വളർച്ച 2.1 ശതമാനമായിരുന്നെങ്കിൽ കേരളത്തിന്റേത് 4.6 ശതമാനമാണ്.ഹ്രസ്വകാല പദ്ധതിയായ മിഷൻ 2026,ദീർഘകാല പദ്ധതിയായ മിഷൻ 2033 എന്നിവ ഇതിൽ പങ്ക് വഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.കൃഷിമന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനായി.മുതിർന്ന കർഷകരായ ജോസഫ് പള്ളനെയും എ.ആർ.സംഗീതയെയും മന്ത്രി കെ.രാജൻ ആദരിച്ചു.കർഷക അവാർഡ് ജേതാക്കളുടെ വിജയഗാഥ കോർത്തിണക്കിയ ഹരിതഗാഥ എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു.സംസ്ഥാന കർഷക അവാർഡ് ജേതാക്കൾക്ക് മന്ത്രിമാരായ പി.പ്രസാദും കെ.രാജനും ചേർന്ന് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.മേയർ എം.കെ.വർഗീസ്,എം.എൽ.എമാരായ പി.ബാലചന്ദ്രൻ,എൻ.കെ.അക്ബർ,എ.സി.മൊയ്തീൻ,മുരളി പെരുനെല്ലി,യു.ആർ.പ്രദീപ്,സനീഷ് കുമാർ ജോസഫ്,വി.ആർ.സുനിൽകുമാർ,സേവ്യർ ചിറ്റിലപ്പിള്ളി,ഇ.ടി.ടൈസൺ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്,കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക്,കൃഷി വകുപ്പ് ഡയറക്ടർ ഡോ.ശ്രീറാം വെങ്കിട്ടരാമൻ,സാജു കെ.സുരേന്ദ്രൻ,സജി ജോൺ,ഡോ.എ.സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.

നെല്ലുസംഭരണം: കുടിശ്ശിക തുക ഓണത്തിന് മുൻപ്

തൃശൂർ:സപ്ലൈകോ വഴി നെല്ല് സംഭരിച്ചതിന്റെ കുടിശ്ശിക തുക ഉൾപ്പെടെ എല്ലാം ഈ ഓണത്തിന് മുൻപ് കർഷകർക്ക് നൽകുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്.തൃശൂരിൽ നടന്ന കർഷക ദിനാഘോഷത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.റംബൂട്ടാൻ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി അവരുടെ ഉത്പന്നങ്ങൾ ഹോർട്ടികോർപ്പിനോട് സംഭരിക്കാനും വിപണനം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൃഷിമന്ത്രി വിശദീകരിച്ചു.