കോന്നി ടൗണിൽ മാലിന്യം തള്ളുന്നു

Sunday 17 August 2025 11:11 PM IST

കോന്നി: മാലിന്യമുക്ത പഞ്ചായത്തിനായി കോന്നി ഗ്രാമപഞ്ചായത്ത് ഭരണസമിതി വിവിധ പദ്ധതികളുമായി മുന്നോട്ടുപോകുമ്പോഴും ടൗണിൽ മാലിന്യം നിക്ഷേപിക്കുന്നത് വർദ്ധിക്കുന്നു. കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് അരികിൽ പല സ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് വർദ്ധിക്കുകയാണ്. ബസ് സ്റ്റാൻഡ്, നാരായണപുരം ചന്ത, ചൈനാമുക്ക്, എലിയറയ്ക്കൽ, മാരൂർ പാലം, മയൂർ ഏല, ആനക്കൂട് റോഡ് എന്നിവിടങ്ങളിൽ പതിവായി മാലിന്യം നിഷേപിക്കുന്നു. ടൗണിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിനു വേണ്ടി ഗ്രാമപഞ്ചായത്ത് അടുത്തിടെ 22 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു.

കോന്നി ടൗണിന്റെ ഒരു ഭാഗം ഉൾപ്പെടുന്ന 17-ാം വാർഡിലാണ് നിലവിൽ മാലിന്യ പ്രശ്നം രൂക്ഷമായിട്ടുള്ളത്. ചന്ത ഭാഗത്തുനിന്നു വരുന്ന പ്രധാന തോട്ടിലേക്കാണ് മാവേലി സ്റ്റോർ ഭാഗം മുതൽ വൻതോതിൽ മാലിന്യം തള്ളുന്നത്.ഇത് വള്ളാട്ട്തോടുവഴി ഒഴുകി അച്ചൻകോവിലാറ്റിലേക്ക് എത്തുകയും ചെയ്യുന്നു. പരിസരത്തെ വീടുകളിലെ കിണറുകളിൽ നിന്നുള്ള വെള്ളം പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിച്ചും ദുർഗന്ധം സഹിച്ചും കഴിയുകയാണ് പരിസരവാസികൾ. വീട്ടുകാർ നടന്നു പോകുന്നതിന്റെ ഇരുവശങ്ങളിലുമാണ് മാലിന്യം കത്തിക്കുന്നത്.പോസ്റ്റ് ഓഫീസ് റോഡരികിലെ ഓടയിൽ മാലിന്യം കുന്നുകൂടിയതും കത്തിക്കുകയും ചെയ്ത സംഭവം മുമ്പ് വിവാദമായിരുന്നു. പരിഹാരം കാണണമെന്ന് പൊതുപ്രവർത്തകനായ എം.എ ബഷീർ ആവശ്യപ്പെട്ടു.