പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകും: ചിറ്റയം ഗോപകുമാർ
പത്തനംതിട്ട: പാർട്ടിക്കും പുറത്തും പൊതുസ്വീകാര്യനായ ചിറ്റയം ഗോപകുമാറിനെ സി.പി.ഐ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത് പ്രവർത്തകർക്ക് ആത്മവിശ്വാസം പകരുമെന്നാണ് നേതാക്കൾ കരുതുന്നത്. ജില്ലക്കാരനായ സെക്രട്ടറിയില്ലാതിരുന്നതിന്റെ കുറവ് പാർട്ടിയുടെ പ്രവർത്തനത്തെ ബാധിച്ചതായി കോന്നിയിൽ സമാപിച്ച ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് പാർട്ടിയെ മുന്നോട്ടു നയിക്കാനുള്ള ദൗത്യമാണ് ചിറ്റയത്തിന് മുന്നിലുള്ളത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാർ ചുമതലയേൽക്കും. കേരളകൗമുദിയുമായി നടത്തിയ സംഭാഷണിൽ നിന്ന്:
? പാർട്ടി ചുമതലയേൽക്കുമ്പോൾ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്ത് തുടരാനാകുമോ.
= പാർട്ടി ചുമതലയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ഒന്നിച്ചു കൊണ്ടുപോകുന്നതിന് നിയമ തടസങ്ങളില്ല. സ്പീക്കർക്കു മാത്രമാണ് രാഷ്ട്രീയ പ്രവർത്തനം പാടില്ലാത്തത്. ഡെപ്യൂട്ടി സ്പീക്കർ ഭരണഘടനാ സ്ഥാപനമാണെങ്കിലും സ്പീക്കറുടെ അധികാരമില്ല. സ്പീക്കർ എപ്പോൾ അധികാരം കൈമാറുന്നോ അപ്പോൾ മാത്രമാണ് സ്പീക്കറുടെ അധികാരം ഡെപ്യൂട്ടി സ്പീക്കർക്ക് ലഭിക്കുന്നത്. ഒന്നുകിൽ സ്പീക്കർ രാജിവയ്ക്കണം. അല്ലെങ്കിൽ സ്പീക്കർ കുറച്ചുനാളത്തേക്ക് ഇല്ലാതിരിക്കണം. നിയമസഭാ സമ്മേളനത്തിൽ ചെയറിൽ ഇരിക്കുമ്പോൾ മാത്രമേ ഡെപ്യൂട്ടി സ്പീക്കർക്ക് സ്പീക്കറുടെ അധികാരമുണ്ടാകൂ. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ഇലക്ഷൻ കമ്മറ്റി പ്രസിഡന്റായിരുന്നു ഞാൻ.
? പാർട്ടി ഏൽപ്പിച്ച പുതിയ ദൗത്യത്തെ എങ്ങനെ കാണുന്നു.
= ജില്ലയിലെ പാർട്ടിയെ ശക്തിപ്പെടുത്തും. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകും. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കൂടതൽ സീറ്റുകൾ നേടാൻ പാർട്ടിയെ സജ്ജമാക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റും നിലനിറുത്തുകയാണ് ലക്ഷ്യം.
? തർക്കത്തെ തുടർന്ന് സമവായത്തിന്റെ ഭാഗമായാണ് സെക്രട്ടറിയായതെന്ന് സംസാരമുണ്ട്.
= അതു തെറ്റാണ്. പാർട്ടിയിൽ അങ്ങനെയൊരു തർക്കമുണ്ടായിട്ടില്ല.
? പാർട്ടിയുടെ അംഗസംഖ്യ ആയിരത്തിലേറെ കുറഞ്ഞതായി മുൻ ജില്ലാ സെക്രട്ടറി തുറന്നുസമ്മതിച്ചിട്ടുണ്ട്.
= പത്രവാർത്തകളിലൂടെയാണ് അതറിഞ്ഞത്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ പരിശോധിക്കും. എവിടെയാണ് വീഴ്ചകൾ പറ്റിയതെന്നു കണ്ടെത്തി പരിഹരിക്കും. അംഗസംഖ്യ വർദ്ധിപ്പിക്കാനുള്ള പ്രവർത്തന പദ്ധതി നടപ്പാക്കും. സി.പി.ഐയെ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ കാണുന്നത്.
? സി.പി.എമ്മുമായുള്ള അകൽച്ച എങ്ങനെ പരിഹരിക്കും.
= സി.പി.എമ്മുമായി ഒരു പ്രശ്നവും ഇപ്പോഴില്ല.
? തിരഞ്ഞെടുപ്പുകളിൽ ആവശ്യമായ സീറ്റുകൾ നൽകാതെ സി.പി.എം തഴയുന്നുവെന്ന പരാതിയുണ്ടല്ലോ.
= കൂടുതൽ സീറ്റുകൾ ലഭിക്കണമെന്നത് സി.പി.ഐയുടെ ആവശ്യമാണ്. എൽ.ഡി.എഫിന്റെ നിലനിൽപ്പിന് കോട്ടമുണ്ടാകാത്ത തരത്തിൽ പരസ്പരം വിട്ടുവീഴ്ചയോടെ സീറ്റുധാരണയുണ്ടാക്കി മത്സരിക്കും.
? നടപടിയെ തുടർന്ന് ബ്രാഞ്ചിലേക്ക് മാറ്റപ്പെട്ട മുൻ ജില്ലാ സെക്രട്ടറി എ.പി ജയൻ ജില്ളാ കൗൺസിലിൽ തിരിച്ചെത്തിയത് എങ്ങനെയാണ്.
= നടപടിക്ക് ശേഷവും പാർട്ടിക്ക് വിധേയനായി ജയൻ പ്രവർത്തിച്ചുവരികയായിരുന്നു. ലോക്കൽ, മണ്ഡലം സമ്മേളനങ്ങളിലൂടെയാണ് ജില്ലാ സമ്മേളന പ്രതിനിധിയായത്. അദ്ദേഹത്തിന്റെ പ്രവർത്തന പരിചയം പാർട്ടിക്ക് മുതൽക്കൂട്ടാണ്.