തടസങ്ങൾ മാറി, സുബലപാർക്കിൽ പുനരുദ്ധാരണം

Monday 18 August 2025 2:19 AM IST
നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി നഗരസഭ ചെയർപേഴ്സൺ അഡ്വ. ടി സക്കീർ ഹുസൈൻ, കൗൺസിലർ സി.കെ അർജുനൻ, എൻജിനീയർ സുധീർ രാജ് എന്നിവർ സുബലപാർക്ക് സന്ദർശിച്ചപ്പോൾ

പത്തനംതിട്ട : നഗരത്തിലെ സുബല പാർക്കിൽ നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്രവൃത്തികളുടെ ടെൻഡർ നടപടികൾ പൂർത്തിയായി. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി 75 ലക്ഷം രൂപയുടെ പുനരുദ്ധാരണ പദ്ധതിയ്ക്കാണ് തുടക്കമാക്കുന്നത്.

ജില്ലാ പട്ടികജാതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സുബല പാർക്കിലെ തടാകത്തിന് സംരക്ഷണഭിത്തി കെട്ടി ചുറ്റും ടൈൽ പാകി നടപ്പാത ഒരുക്കുന്ന പദ്ധതിയ്ക്കാണ് പ്രതിബന്ധങ്ങൾ നീക്കി തുടക്കം കുറിക്കുന്നത്. പാർക്കിന്റെ വികസന പ്രവർത്തനങ്ങൾക്കായി നഗരസഭ അമൃത് പദ്ധതിയിൽ നിർദ്ദേശങ്ങൾ സമർപ്പിച്ച് അനുമതി നേടിയെങ്കിലും നിർവഹണം നഗരസഭയെ ഏൽപ്പിക്കുന്നതിന് സാങ്കേതിക തടസങ്ങൾ ഉണ്ടായി. എന്നാൽ പദ്ധതിയിൽ പങ്കാളിത്തമോ നടത്തിപ്പ് ചുമതലയോ നഗരസഭ ചോദിച്ചിട്ടില്ലെന്നും, ജില്ലാ ആസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദ വിശ്രമ കേന്ദ്രമാക്കി പദ്ധതിയെ മാറ്റാൻ നഗരസഭ സഹായം ചെയ്യുക മാത്രമാണെന്നും കാണിച്ച് നഗരസഭ ചെയർമാൻ പട്ടികജാതി വികസന വകുപ്പ് മന്ത്രിക്ക് 2023 ൽ കത്ത് നൽകി. തുടർന്ന് നഗരസഭയുടെ മേൽനോട്ടത്തിൽ നിലവിലെ നിർവഹണ ഏജൻസിയായ ജില്ലാ നിർമ്മിതി കേന്ദ്രത്തെ വകുപ്പ് ചുമതലപ്പെടുത്തി. എന്നാൽ, പ്രവർത്തികളുടെ തുക അധികരിച്ചതിനാൽ പദ്ധതി ഏറ്റെടുക്കാൻ ആവില്ലെന്ന് നിർമ്മിതി കേന്ദ്രം അറിയിച്ചു. തുക നഷ്ടപ്പെടാതിരിക്കാൻ നിർവഹണം ഏറ്റെടുക്കാൻ നഗരസഭ തയാറാണെന്ന് പട്ടികജാതി വികസന വകുപ്പിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ നഗരസഭയ്ക്ക് വകുപ്പിന്റെ നിർവഹണ അനുമതി ലഭിച്ചു.

തടാകത്തിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ നിർമ്മാണം ഇപ്പോൾ സാദ്ധ്യമല്ല. കാലതാമസം ഒഴിവാക്കാൻ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാർ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ് നഗരസഭ. പുതുതായി നിർമ്മിക്കുന്ന നടപ്പാത പ്രഭാത, സായാഹ്ന സവാരിക്ക് പ്രയോജനപ്രദമാകും. ഈ മാസം തന്നെ നിർമ്മാണം ആരംഭിക്കും

അഡ്വ.ടി. സക്കീർ ഹുസൈൻ,

നഗരസഭ ചെയർപേഴ്സൺ

..................................

ചെലവ് 75ലക്ഷം