റബര്‍ വില 200ന് താഴേക്ക് വീണു, മഴയും വില്ലനായി; നേട്ടമുണ്ടാക്കിയത് മറ്റൊരു വിള

Monday 18 August 2025 12:02 AM IST

കോട്ടയം: ഡബിള്‍ സെഞ്ച്വറി കടന്ന് കുതിച്ച റബര്‍ ആര്‍.എസ്.എസ് ഫോര്‍ വ്യാപാരി വില 190 രൂപയിലേക്ക് വീണു. തോരാമഴയില്‍ ടാപ്പിംഗ് മുടങ്ങിയതോടെ ഷീറ്റ് ക്ഷാമം രൂക്ഷമായിട്ടും വില ഇടിയുകയാണ്. പട്ടമരപ്പും ഇലകൊഴിച്ചിലും കാരണം മഴ മറവെച്ച കര്‍ഷകരും ടാപ്പിംഗ് നിറുത്തി. ലാറ്റക്‌സ് വിലയും 188 രൂപയിലേക്ക് താഴ്ന്നു. അമേരിക്കയിലെ അധിക തീരുവ അനിശ്ചിതത്വമാണ് വില യിടിവ് രൂക്ഷമാക്കുന്നത്.

റബര്‍ വില (കിലോയ്ക്ക്)

ചൈന - 176 രൂപ

ടോക്കിയോ - 192 രൂപ

ബാങ്കോക്ക് - 192 രൂപ

ഉത്സവകച്ചവടം കുരുമുളകിന് നേട്ടമായി

വിലത്തകര്‍ച്ചയില്‍ നിന്ന് കുരുമുളക് കരകയറുന്നു. കിലോയ്ക്ക് ആറ് രൂപ വരെയാണ് കൂടിയത്. ഉത്തരേന്ത്യയില്‍ ഉത്സവകാലം തുടങ്ങിയതോടെ എരിവുള്ള ഹൈറേഞ്ച് കുരുമുളകിന് ഡിമാന്‍ഡേറുകയാണ്. അധിക തീരുവ കയറ്റുമതിക്ക് തിരിച്ചടിയാകുമെന്നതിനാല്‍വിലയിടിവ് ഭീഷണി ശക്തമാണ്. മൂല്യ വര്‍ദ്ധനയ്ക്ക് ശേഷം കയറ്റുമതി നടത്താനായി ശ്രീലങ്കയില്‍ നിന്നുള്ള മുളകാണ് കയറ്റുമതിക്കാര്‍ കൂടുതലായി വാങ്ങുന്നത്. മസാല കമ്പനികളും വിലക്കുറവുള്ള ഇറക്കുമതി കുരുമുളകില്‍ നാടന്‍ കുരുമുളക് കലര്‍ത്തി വില്‍ക്കുകയാണ്.

കയറ്റുമതി നിരക്ക് ടണ്ണിന് (ഡോളറില്‍)

ഇന്ത്യ - 8050

ഇന്തോനേഷ്യ - 7500

ശ്രീലങ്ക - 7300

വിയറ്റ്‌നാം - 6500

ബ്രസീല്‍ - 6200